
കോഴിക്കോട്: ബാക്ക് ബെഞ്ചേഴ്‌സ് സംവിധാനം ഒഴിവാക്കാനുള്ള ആലോചന നല്ല കാര്യമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഒഴിവാക്കുന്നത് ഒരുപാട് ഗുണങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോളേജുകളില്‍ അങ്ങനെ ചെയ്യുന്നത് കോളേജുകള്‍ക്ക് തീരുമാനിക്കാമെന്നും താന്‍ പഠിപ്പിക്കുന്ന കാലത്ത് തന്നെ നിലവിലെ രീതി ശരിയല്ല എന്ന് പറഞ്ഞിട്ടുള്ളതാണെന്നും ബിന്ദു വ്യക്തമാക്കി.
ഉത്തരവിന്റെ കാര്യം ആലോചിച്ചിട്ടില്ലെന്നും കോളേജില്‍ കുറച്ചുകൂടി ഭേദപ്പെട്ട സാഹചര്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ നിയമനത്തിലെ സംവരണ അട്ടിമറിയിലും മന്ത്രി പ്രതികരിച്ചു. അട്ടിമറിയെക്കുറിച്ച് പരിശോധിക്കാന്‍ കലാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വൈസ് ചാന്‍സലര്‍മാരുടെ വിഷയത്തില്‍ ചര്‍ച്ച പൂര്‍ത്തീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സാനുമാഷിന്റെ മരണം കൊണ്ട് അന്നേദിവസം ചര്‍ച്ച പൂര്‍ത്തിയായില്ലെന്നും ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. ഉടനെ ചര്‍ച്ച തുടരുമെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു. പിന്‍ബെഞ്ച് എന്ന സങ്കല്‍പ്പം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നേരത്തെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചിരുന്നു. ഇത് ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഒരു കുട്ടിയും പഠനത്തിലോ ജീവനത്തിലോ പിന്നോട്ട് പോകാന്‍ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നു. പിന്‍ബെഞ്ചുകാര്‍ എന്ന ആശയം ഇല്ലാതാക്കാന്‍ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താന്‍ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു', മന്ത്രി പറഞ്ഞു.
Content Highlights: R Bindu about Back Benchers