ഓൺലൈൻ ഷോപ്പിങ് ചെയ്യാറുണ്ടോ; സന്തോഷം തരുമെന്ന് പഠനങ്ങൾ

കഴിഞ്ഞ 10 വര്‍ഷങ്ങളായാണ് ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകള്‍ ആളുകള്‍ക്കിടയില്‍ ഇത്രത്തോളം സ്വീകാര്യമായി തുടങ്ങിയത്

dot image

എന്തും ഓണ്‍ലൈനായി വാങ്ങാനാവും. ഇന്‍സ്റ്റഗ്രാമില്‍ തുടങ്ങി സമൂഹ മാധ്യമങ്ങള്‍ പോലും ഇന്ന് ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മാര്‍ക്കറ്റിങ് ഇടങ്ങളാണ്. ഏത് സാധനങ്ങളും വീട്ടിലിരുന്ന് കണ്ട്, ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി വീട്ടിലേക്ക് വരുത്തുന്ന രീതി നമ്മള്‍ ഇഷ്ടപ്പെട്ട് തുടങ്ങി. കഴിഞ്ഞ 10 വര്‍ഷങ്ങളായാണ് ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകള്‍ ആളുകള്‍ക്കിടയില്‍ ഇത്രത്തോളം സ്വീകാര്യമായി തുടങ്ങിയത്.

ഇത്രയധികം ആളുകള്‍ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ മനുഷ്യരെ സംതൃപ്തമാക്കുന്ന എന്തോ ഒന്ന് അതിലുണ്ട് എന്ന് മനസിലാക്കണമല്ലോ. സാധനങ്ങള്‍ തിരയാനുള്ള അനന്തമായ സാധ്യതയാണ് ഈ സംതൃപ്തിക്ക് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ചില ആളുകള്‍ക്ക് പെട്ടെന്നുള്ള തിരഞ്ഞെടുപ്പിന്റെ സ്ഥലം കൂടിയാണ്. കാണുന്നു ഇഷ്ടപ്പെട്ടാല്‍ ഉടന്‍ 'കാര്‍ട്ട്'-ല്‍ സേവ് ചെയ്ത് വയ്ക്കുന്നു. എന്നാല്‍ കടയില്‍ നിന്നാണ് വാങ്ങുന്നതെങ്കില്‍ അതേ കുറിച്ച്, അധികം തവണ ചിന്തിക്കാന്‍ നമ്മള്‍ തയ്യാറാകും. ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യുന്ന ആളുകള്‍ വ്യത്യസ്ത തരത്തിലാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് സ്വഭാവത്തില്‍ നിന്നും ആളുകളുടെ സ്വഭാവം മനസിലാക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എങ്ങനെ എന്ന് നോക്കാം.

ഇഷ്ടപ്പെട്ട വസ്ത്രമോ, മറ്റെന്തെങ്കിലും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ മനസിന് സന്തോഷം തോന്നുകയും, ഡോപ്പമിന്‍ എന്ന സന്തോഷത്തിന്റെ ഹോര്‍മോണ്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഷോപ്പില്‍ പോയി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ സംതൃപ്തി ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഷോപ്പില്‍ പോകുന്നു, വസ്ത്രങ്ങള്‍ തിരയുന്നു, അതിനിടെ സെയില്‍സ്മാന്‍, തിരിച്ചുള്ള യാത്ര, തിരക്ക്, ട്രാഫിക് ഇത്തരം നൂറ് കാര്യങ്ങള്‍ നിങ്ങളുടെ സന്തോഷത്തെ തല്ലിക്കെടുത്താമെന്നും, എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങിന് ഇതൊന്നും ബാധകമല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ ഗുണകരമായ വശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വീട്ടില്‍ നിന്ന് എവിടെയും പോകേണ്ട, ആരുമായും സംസാരിക്കേണ്ട, നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് പണം നല്‍കി, സാധനം വരുന്നതിനായി കാത്തിരിക്കുക. സത്യത്തില്‍ മനുഷ്യരുടെ മടി എന്ന ഘടകത്തെയാണ് ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏറ്റവും കുറഞ്ഞ പരിശ്രമത്തില്‍ കൂടുതല്‍ ഗുണം ലഭിക്കുന്ന കാര്യങ്ങളാണ് നമുക്ക് താല്‍പര്യം.

Also Read:

ശരിയാണെങ്കിലും, അല്ലെങ്കിലും കടയില്‍ പോയി വാങ്ങുന്നതിനേക്കാള്‍ വിലക്കുറവാണല്ലോ ഇതിന് ഓണ്‍ലൈനില്‍ എന്നൊരു തോന്നല്‍ നമുക്ക് ഉണ്ടാകും. ഷോപ്പിങില്‍ ഒത്തിരി പണം ചെലവാക്കുന്നു എന്ന് തോന്നുന്നവര്‍ക്ക് പോലും ഓണ്‍ലൈന്‍ ഷോപ്പിങ്ങ് നടത്തിയാല്‍ അത്ര സങ്കടം തോന്നാറില്ല. ഇത് ചില ആളുകളുടെ മാത്രം കാര്യമാണ്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോഴും കുറ്റബോധം തോന്നുന്ന ചില ആളുകളുണ്ട്. ഒരു സാധനം വാങ്ങാനുള്ള ഉദ്ദേശത്തില്‍ പ്ലാറ്റ്‌ഫോമിലേക്ക് കടക്കുകയും എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തോന്നുന്നതൊക്കെ വാങ്ങുകയും ചെയ്യുന്ന ആളുകള്‍ക്കാണ് ഓണ്‍ലൈന്‍ ഷോപ്പിങും കുറ്റബോധം സമ്മാനിക്കുന്നത്.

സമയം ലാഭിക്കുന്നതിന്, സംതൃപ്തി തോന്നുന്നതിന്, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുന്നത്, ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി സാധനങ്ങള്‍ വാങ്ങുന്നതിന് എല്ലാം ഓണ്‍ലൈന്‍ ഷോപ്പിങ് കൂടുതല്‍ സഹായകമാണ്. എങ്കിലും എല്ലാ സാധനങ്ങളും ഓണ്‍ലൈനായി വാങ്ങുന്നത് അത്ര സംതൃപ്തി നല്‍കില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.

Content Highlight; What Your Online Shopping Habits Reveal About Your Mind

dot image
To advertise here,contact us
dot image