'മൂന്ന് മാസം ട്രെയിനിംഗിന് പോയാൽ തല പോകുമോ? അടൂരിനെ കിട്ടിയ ചാൻസിൽ ആക്രമിക്കുന്നു'; പിന്തുണച്ച് ജോയ് മാത്യു

ജാതീയമായ വേര്‍തിരിവ് എല്ലാത്തിലും കണ്ടെത്തുന്ന വളരെ മോശം അവസ്ഥയായി കേരളം മാറിയിട്ടുണ്ടെന്നും ജോയ് മാത്യു

dot image

കോഴിക്കോട്: അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സിനിമാ നടന്‍ ജോയ് മാത്യു. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിന്റെ വസ്തുത മനസിലാക്കാതെയാണ് ആളുകള്‍ പ്രതികരിച്ചതെന്ന് ജോയ് മാത്യു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കിട്ടിയ ചാന്‍സില്‍ അദ്ദേഹത്തെ ആക്രമിക്കുന്നത് കുറച്ച് നാളായി താന്‍ ശ്രദ്ധിക്കുന്നുവെന്ന് ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

'സര്‍ക്കാര്‍ പണം നല്‍കണ്ടെന്നല്ല കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞത്. 50 ലക്ഷം വെച്ച് അനവധിപ്പേര്‍ക്ക് കൊടുക്കണമെന്നാണ് പറഞ്ഞത്. അവര്‍ക്ക് സര്‍ഗശേഷിയില്ലെന്നോ പ്രതിഭയില്ലെന്നോ സിനിമയെടുക്കാന്‍ പറ്റില്ലെന്നോ അദ്ദേഹം പറഞ്ഞില്ല. ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ പരിശീലനം നേടേണ്ടതുണ്ട്. ഇപ്പോള്‍ ആകെ ഏഴരക്കോടി രൂപ ചെലവഴിച്ചു. തിരിച്ച് കിട്ടിയത് 13 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ തീയേറ്ററുണ്ടായിട്ടും കാണിക്കാന്‍ തയ്യാറായിട്ടും കാണാനാളില്ല എന്ന് പറയുന്നത് ആ സിനിമയുടെ ദുരവസ്ഥയാണ് കാണിക്കുന്നത്. അങ്ങനൊരു അവസ്ഥയില്ലാതിരിക്കാനാണ് ട്രെയിനിംഗ് നല്‍കണമെന്ന് പറയുന്നത്', ജോയ് മാത്യു പറഞ്ഞു.

മൂന്ന് മാസം ട്രെയിനിംഗിന് പോയാല്‍ തല പോകുമോയെന്നും ജോയ് മാത്യു ചോദിച്ചു. ദളിത് സംവിധായകരുടെ പടത്തില്‍ അഭിനയിക്കുന്നത് സവര്‍ണരാണെന്നും അവരുടെ ലക്ഷ്യം പണവും പ്രശസ്തിയുമാണെന്നും ജോയ് മാത്യു പറഞ്ഞു. ജാതീയമായ വേര്‍തിരിവ് എല്ലാത്തിലും കണ്ടെത്തുന്ന വളരെ മോശം അവസ്ഥയായി കേരളം മാറിയിട്ടുണ്ടെന്നും ജോയ് മാത്യു പറയുന്നു. പുഷ്പവതി വേദിയില്‍ പ്രതികരിച്ചത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ മറ്റൊരാള്‍ക്ക് എതിര്‍ അഭിപ്രായം പ്രകടിപ്പിക്കാമെന്നും ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോള്‍ പറയാമെന്നും ജോയ് മാത്യു പറഞ്ഞു. പുഷ്പവതിയുടെ പ്രതികരണം ആ സ്പിരിറ്റില്‍ കണ്ടാല്‍ മതിയെന്നും അത് കാണാന്‍ അദ്ദേഹത്തിന് പറ്റിയില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി.

ജോയ് മാത്യുവിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം

അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിന്റെ വസ്തുത മനസിലാക്കാതെയാണ് ആളുകള്‍ പ്രതികരിച്ചത്. ചില മുന്‍വിധികള്‍ പോലെ അടൂര്‍ ഗോപാലകൃഷ്ണന്‍ അത്ര വലിയ ആളാണോ, അത്ര വലിയ സിനിമാക്കാരനാണോ, ഞങ്ങളും സിനിമാക്കാരല്ലേ, അദ്ദേഹത്തിന് മാത്രമാണോ ലോകപ്രശസ്തി എന്നൊക്കെ ചിന്തിക്കുന്ന ആളുകളുണ്ട്. നമുക്ക് അത് മനസിലാകും. കിട്ടിയ ചാന്‍സില്‍ അയാളെ ആക്രമിക്കുകയാണെന്നത് ഞാന്‍ കുറേ നാളായി ശ്രദ്ധിക്കുന്ന കാര്യമാണ്.

സര്‍ക്കാര്‍ പണം നല്‍കണ്ടെന്നല്ല കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞത്. 50 ലക്ഷം വെച്ച് അനവധിപ്പേര്‍ക്ക് കൊടുക്കണമെന്നാണ് പറഞ്ഞത്. അവര്‍ക്ക് സര്‍ഗശേഷിയില്ലെന്നോ, പ്രതിഭയില്ലെന്നോ, സിനിമയെടുക്കാന്‍ പറ്റില്ലെന്നോ അദ്ദേഹം പറഞ്ഞില്ല. ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ പരിശീലനം നേടേണ്ടതുണ്ട്.

സിനിമ ഒരുപാട് സാങ്കേതികത ആവശ്യപ്പെടുന്ന വ്യവസായമാണ്. സര്‍ക്കാരിന്റെ പണം നമ്മുടെ പണമാണ്. നികുതി പണമാണ്. ഇപ്പോള്‍ ആകെ ഏഴരക്കോടി രൂപ ചെലവഴിച്ചു. തിരിച്ച് കിട്ടിയത് 13 ലക്ഷം രൂപയാണ്. ബാക്കി പണം നഷ്ടമാണ്. സര്‍ക്കാര്‍ തീയേറ്ററുണ്ടായിട്ടും, കാണിക്കാന്‍ തയ്യാറായിട്ടും കാണാനാളില്ല എന്ന് പറയുന്നത് ആ സിനിമയുടെ ദുരവസ്ഥയാണ് കാണിക്കുന്നത്. അങ്ങനൊരു അവസ്ഥയില്ലാതിരിക്കാനാണ് ട്രെയിനിംഗ് നല്‍കണമെന്ന് പറയുന്നത്. അതാണ് അദ്ദേഹം ഉദ്ദേശിച്ചത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ അഞ്ചാമത്തേയോ ആറാമത്തേയോ പടമാണ് എന്‍എഫ്ഡിസി പണമുപയോഗിച്ച് നിര്‍മിച്ചത്. അതിന് മുമ്പ് മറ്റുള്ളവരാണ് പ്രൊഡ്യൂസര്‍. അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് എന്‍എഫ്ഡിസി ഫണ്ട് നല്‍കിയത്. അദ്ദേഹത്തിന് മാത്രമല്ല, സിനിമയെടുക്കാന്‍ അറിയാത്ത ചിന്ത രവീന്ദ്രനും പണം നല്‍കിയിട്ടുണ്ട്. അരവിന്ദന് കൊടുത്തിട്ടുണ്ട്. സിനിമ എടുക്കാന്‍ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഫണ്ട് നല്‍കിയിട്ടുണ്ട്.

ദളിതര്‍ക്കും സ്ത്രീകള്‍ക്കും പണം നല്‍കണ്ടെന്നല്ല അടൂര്‍ പറഞ്ഞത്. അവര്‍ക്ക് മാത്രം പോര പരിശീലനം. സിനിമയില്‍ കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാകുന്നത് സാങ്കേതികമായ അജ്ഞത ഇല്ലാത്തത് കൊണ്ടും മാര്‍ക്കറ്റിംഗ് തന്ത്രമറിയാത്തത് കൊണ്ടുമാണ്. അവര്‍ക്കും ട്രെയിനിംഗ് വേണം.

സര്‍ക്കാര്‍ സിനിമ പരിഗണിക്കുന്നത് കമ്മിറ്റികള്‍ വഴിയാണ്. കമ്മിറ്റികളുടെ സ്വാധീനവും പിന്‍വാതില്‍ നിയമനവുമെല്ലാം നമുക്ക് അറിയാലോ. കമ്മിറ്റികള്‍ പറയുന്നതിന് വലിയ വില കല്‍പ്പിക്കേണ്ടതില്ല. അതിനേക്കാള്‍ മികച്ചവര്‍ പുറത്തുണ്ടാകും. അവര്‍ക്ക് സ്വാധീനമില്ല.

മൂന്ന് മാസം ട്രെയിനിംഗിന് പോയാല്‍ തല പോകുമോ. അടൂരിനെ എങ്ങനെ തകര്‍ക്കാമെന്നാണ് നോക്കുന്നത്. ദളിത് സംവിധായകരുടെ പടത്തില്‍ അഭിനയിക്കുന്നത് സവര്‍ണരാണ്. അവരുടെ ലക്ഷ്യം പണവും പ്രശസ്തിയുമാണ്. ജാതീയമായ വേര്‍തിരിവ് എല്ലാത്തിലും കണ്ടെത്തുന്ന വളരെ മോശം അവസ്ഥയായി കേരളം മാറിയിട്ടുണ്ട്.

അദ്ദേഹത്തിന് പുഷ്പവതിയെ അറിയില്ല. എല്ലാവരെയും എല്ലാവരും അറിയണമെന്നില്ല. എന്നോട് പോലും എനിക്ക് എന്താ പണിയെന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്. അതില്‍ പുഷ്പവതി സങ്കടപ്പെടേണ്ട. ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ മറ്റൊരാള്‍ക്ക് എതിര്‍ അഭിപ്രായം പ്രകടിപ്പിക്കാം. ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോള്‍ പറയും. ആ സ്പിരിറ്റില്‍ കണ്ടാല്‍ മതി. അത് കാണാന്‍ അദ്ദേഹത്തിന് പറ്റിയില്ല. സിനിമയില്‍ വലിയ സംഭാവന കൊടുക്കുന്നതും വിമര്‍ശിക്കുന്നതും രണ്ടാണ്. അടൂരിനോടുള്ള ആദരവ് ഇതോടെ കുറയുന്നില്ല, ലോകസിനിമാ ഭൂപടത്തില്‍ മലയാളത്തെ രേഖപ്പെടുത്തിയയാളാണ്. പക്ഷേ അയാള്‍ തെറ്റ് ചെയ്താല്‍ അത് തെറ്റല്ലെന്ന് പറയാന്‍ ഞാന്‍ ആളല്ല.

Content Highlights: Joy Mathew supports Adoor Gopalakrishnan

dot image
To advertise here,contact us
dot image