മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായും അറിയിപ്പ്

dot image

തിരുവനന്തപുരം: ശക്തമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ. തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്. കാസർഗോഡ് ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും പരീക്ഷാ സമയങ്ങളിൽ മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.

തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നാളെ അവധിയെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വ്യക്തമാക്കി. സി ബി എസ് സി, ഐ സി എസ് സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ സ്‌കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് നാളെ അവധിയാണ്. ജില്ലയിലെ ക്വാറികളിൽ നാളെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായും അറിയിച്ചു.

Content Highlights: Holiday for three educational institutions in kerala due to rain

dot image
To advertise here,contact us
dot image