
കോഴിക്കോട്: ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രണ്ട് വിഭാഗങ്ങളെ പ്രത്യേകം എടുത്തുപറയുന്നത് ശരിയല്ല. ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും മാത്രം പരിശീലനം നല്‍കണമെന്ന് പറഞ്ഞതിനെ നല്ല ഉദ്ദേശത്തില്‍ കാണാന്‍ സാധിക്കില്ല. പരിശീലനം എല്ലാവര്‍ക്കും നല്‍കണമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.
അടൂരിനെ പോലെയൊരു വ്യക്തി അത്തരത്തില്‍ പ്രതികരിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. അത് പിന്‍വലിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. സഹോദരന്‍ പി കെ ബുജൈറിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെയും കെ മുരളീധരന്‍ പ്രതികരിച്ചു. പി കെ ഫിറോസ് യുഡിഎഫിന്റെ ശക്തനായ നേതാവാണെന്നും അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. സിപിഐഎമ്മിന്റെയും ബിജെപിയുടെയും പി ആര്‍ വര്‍ക്കാണ് ഫിറോസിനെതിരായ ഒറ്റതിരിഞ്ഞുള്ള ആക്രമണത്തിന് പിന്നിലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. യുഡിഎഫിനെ ഇല്ലാതാക്കാനുള്ള സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമാ കോണ്‍ക്ലേവിന്റെ സമാപന ചടങ്ങിനിടെയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. സിനിമ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. ദളിത് വിഭാഗങ്ങളെയും സ്ത്രീകളെയും ഉന്നംവെച്ചുള്ളതായിരുന്നു അടൂരിന്റെ പ്രതികരണം.സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്നായിരുന്നു അടൂര്‍ പറഞ്ഞത്. സര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ദരുടെ പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഗായികയും സംഗീത, നാടക അക്കാദമി ഉപാധ്യക്ഷയുമായ പുഷ്പവതി പൊയ്പ്പാടത്ത് വേദിയില്‍വെച്ചുതന്നെ പ്രതികരിച്ചു.
തൊട്ടുപിന്നാലെ പ്രതികരിച്ച് മന്ത്രി സജി ചെറിയാനും രംഗത്തെത്തി. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വേദിയില്‍ വെച്ചുതന്നെ അടൂരിന് മറുപടി നല്‍കി. കൂടുതല്‍ പണം നല്‍കുമ്പോള്‍ ലാഭം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് 98 വര്‍ഷമായിട്ടും സിനിമയില്‍ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ക്ക് സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്കും അതേ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു. പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിന് തുരങ്കംവെയ്ക്കുന്ന പ്രതികരണമാണ് അടൂരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സിനിമാ കോണ്‍ക്ലേവ് സമാപിച്ചതിന് പിന്നാലെ പുഷ്പവതി പ്രതികരിച്ചിരുന്നു. അടൂര്‍ പരാമര്‍ശം നടത്തുമ്പോള്‍ വേദിയില്‍ നിന്ന് നിറയെ കയ്യടിയുണ്ടായി. ഇത് അത്ഭുതപ്പെടുത്തിയെന്നും പുഷ്പവതി പറഞ്ഞു. ഇതിന് പിന്നാലെ അടൂരിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, സംവിധായകന്‍ ആര്‍ ബിജു, ആക്ടിവിസ്റ്റ് ടി എസ് ശ്യാംകുമാര്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ അടൂരിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു മുകേഷ് എംഎല്‍എ സ്വീകരിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അടൂരിനെതിരെ ആക്ടിവിസ്റ്റ് ദിനു വെയില്‍ നല്‍കിയ പരാതിയില്‍ എസ്‌സി/എസ്ടി കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Content Highlights- Congress leader k muraleedharan slam adoor gopalakrishnan over his statement against dalit and women