'സർക്കാർ നിലപാട് വേദിയിൽ വ്യക്തമാക്കി, സജി ചെറിയാൻ ഒന്നും മിണ്ടിയില്ലെന്ന് പറയരുത്'; അടൂർ പരാമർശത്തിൽ മന്ത്രി

പുഷ്പവതിക്ക് കിട്ടേണ്ട പരിഗണന കിട്ടിയില്ലെന്ന് വിചാരിക്കുന്നയാളാണ് താനെന്നും ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളും അഭിമുഖീകരിച്ച് വളര്‍ന്നുവന്ന സ്ത്രീയാണ് അവരെന്നും മന്ത്രി

dot image

കൊച്ചി: അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാട് വേദിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വളരെ കൃത്യവും വ്യക്തവുമായി സര്‍ക്കാര്‍ നിലപാട് പറഞ്ഞിട്ടുണ്ടെന്നും അല്ലാതെ സജി ചെറിയാന്‍ ഒന്നും മിണ്ടിയില്ലെന്ന് പറയരുതെന്നും സജി ചെറിയാന്‍ പറഞ്ഞു. 'അടൂരിന് അടി തെറ്റിയോ' എന്ന വിഷയത്തില്‍ നടത്തിയ മീറ്റ് ദ എഡിറ്റേര്‍സിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദളിതരും സ്ത്രീകളും മുഖ്യധാരയില്‍ വരാനാണ് സര്‍ക്കാര്‍ നിലപാടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പവതിക്ക് കിട്ടേണ്ട പരിഗണന കിട്ടിയില്ലെന്ന് വിചാരിക്കുന്നയാളാണ് താനെന്നും ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളും അഭിമുഖീകരിച്ച് വളര്‍ന്നുവന്ന സ്ത്രീയാണ് അവരെന്നും മന്ത്രി വ്യക്തമാക്കി. അടൂര്‍ ഗോപാലകൃഷ്ണന്റെ വ്യാഖ്യാനങ്ങളെ ദുര്‍വ്യഖ്യാനം ചെയ്യരുതെന്നും നല്ലൊരു കാര്യത്തിന് തുടങ്ങിയ കോണ്‍ക്ലേവ് നല്ലൊരു രീതിയില്‍ സമാപിക്കട്ടേയെന്നും സജി ചെറിയാന്‍ പറഞ്ഞു.

സജി ചെറിയാന്റെ വാക്കുകള്‍

അടൂര്‍ സാറിനെ എതിര്‍ത്തല്ല ഞാന്‍ പറഞ്ഞത്. സര്‍ക്കാര്‍ നയമാണ് പറഞ്ഞത്. എല്ലാവര്‍ക്കും അഭിപ്രായം പറയാം. ലോകം കണ്ട സിനിമാ പ്രവര്‍ത്തകനാണ് അടൂര്‍ സാര്‍. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു. ശ്രീകുമാരന്‍ തമ്പി സാര്‍ അദ്ദേഹത്തിന്റെ അഭിപ്രായവും പറഞ്ഞു. പക്ഷേ സര്‍ക്കാരിന്റെ നിലപാട് പറയേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ പ്രസംഗത്തിന്റെ മൊത്തം കാര്യം പുറത്ത് വിടണം. അതിനകത്ത് അവരെ ബഹുമാനിച്ച് സര്‍ക്കാര്‍ നിലപാട് പറഞ്ഞിട്ടുണ്ട്. വളരെ കൃത്യവും വ്യക്തവുമായി സര്‍ക്കാര്‍ നിലപാട് പറഞ്ഞിട്ടുണ്ട്. അത് പറയാതെ സജി ചെറിയാന്‍ ഒന്നും മിണ്ടിയില്ലെന്ന് പറയരുത്.

98 വര്‍ഷമായി കേരളത്തില്‍ സിനിമയുണ്ട്. എന്താണ് ദളിത് വിഭാഗത്തിന്റെയും സ്ത്രീകളുടെയും സിനിമാ രംഗത്തെ അവസ്ഥ. ഇത് ആരെങ്കിലും ചര്‍ച്ച ചെയ്‌തോ. അടൂറിന്റെ മണ്ടയ്ക്ക് കേരാതെ അത് ചര്‍ച്ച ചെയ്തില്ലല്ലോ. ദളിതരെയും സ്ത്രീകളെയും മുഖ്യധാരയില്‍ വരാനാണ് സര്‍ക്കാര്‍ നിലപാടെടുത്തത്. അതനസുരിച്ച് ഒരു വര്‍ഷം രണ്ട് സിനിമ വീതമെടുക്കാന്‍ എസ്‌സി- എസ്ടിക്ക് ഒന്നര കോടി വീതവും സ്ത്രീകള്‍ക്കും ഒന്നര കോടി വീതവും ആകെ ആറ് കോടി രൂപ കൊടുക്കുന്നു.

അവര്‍ക്ക് വേണ്ടിയുള്ള തിരക്കഥ പരിശോധിക്കാന്‍ കമ്മിറ്റിയുണ്ട്. സാറിന്റെ കാലത്ത് വളരെ കുറച്ച് രൂപയ്ക്കാണ് സിനിമയെടുക്കുന്നത്. ഇന്നത് നടക്കില്ല. വളരെ വലിയ തുക ചെലവാകും. ഒന്നരക്കോടി കൊടുക്കുമ്പോഴും ഒരു സിനിമ എടുക്കാന്‍ കഴിയില്ല. കുറച്ച് രൂപ ലോണെടുത്തും കടമെടുത്തുമാണ് ചെയ്യുന്നത്. അതുകൊണ്ട് ഇപ്പോള്‍ കൊടുക്കുന്ന പണം അധികമല്ല. അദ്ദേഹം പറഞ്ഞതിനെ പോസിറ്റീവായി കാണുക.

ടെക്‌നിക്കല്‍ മേഖലയില്‍ സ്ത്രീകളില്ല, അതുകൊണ്ട് ടെക്‌നോളജി പഠിപ്പിക്കാന്‍ വേണ്ടി അക്കാദമിയില്‍ ട്രെയിനിംഗ് തുടങ്ങി. ഞാനാണ് ഉദ്ഘാടനം ചെയ്തത്. ആ ട്രെയിനിംഗിന്റെ ഭാഗമായി സിനിമാ ഷൂട്ടിങ്ങില്‍ അവരെ നിയോഗിക്കണമെന്ന് തീരുമാനിച്ചു. അതിന്റെ ഭാഗമായി ക്യാമറയിലും ടെക്‌നിക്കലിലും സ്ത്രീകള്‍ വരുന്നു. സ്ത്രീകള്‍, ദളിത് പിന്നാക്ക എസ്‌സി-എസ്ടി വിഭാഗങ്ങള്‍, അവശത അനുഭവിക്കുന്നവര്‍, ആരോഗ്യപരമായി പിന്നാക്കം നില്‍ക്കുന്നവര്‍, സാമൂഹിക-സാമ്പത്തികപരമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവരെ സമൂഹത്തില്‍ ഉയര്‍ത്തുകയെന്നത് കക്ഷി രാഷ്ട്രീയഭേദമന്യേ നടപ്പാക്കുകയാണ് സര്‍ക്കാര്‍ നിലപാട്. ആ നിലപാടാണ് കോണ്‍ക്ലേവില്‍ പ്രസംഗിച്ചത്.

പുഷ്പവതിക്കൊന്നും കിട്ടേണ്ട പരിഗണന കിട്ടിയില്ലെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണാണ് പുഷ്പവതി. മലയാള സിനിമയില്‍ പാടിയ ആളാണ്. വലിയ നിലപാടുള്ളയാളാണ്. അവർ സാധാരണ സ്ത്രീയല്ല, മിടുക്കിയായ സ്ത്രീയാണ്. ഏറ്റവും താഴെ നിന്ന്, ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളും അഭിമുഖീകരിച്ച് വളര്‍ന്നുവന്ന സ്ത്രീയാണ്. അവരെ ഒരു കാരണവശാലും നിഷേധിക്കില്ല. അവരെ കോണ്‍ക്ലേവില്‍ നേരിട്ട് ക്ഷണിച്ചതാണ്. അവര്‍ അവരുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പുഷ്പാവതി പ്രതിഷേധിച്ച സമയത്ത് അവിടെ ഇരിക്ക് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അടൂര്‍ സാറാണ് പറയുന്നത്. അടൂര്‍ സാറിന്റെ വ്യാഖ്യാനങ്ങളെ ദുര്‍വ്യഖ്യാനം ചെയ്യരുത്. നല്ലൊരു കാര്യത്തിന് തുടങ്ങിയ കോണ്‍ക്ലേവ് നല്ലൊരു രീതിയില്‍ സമാപിക്കട്ടേ.

Content Highlights: Minister Saji Cheriyan about Adoor Gopalakrishnan and Pushpavathy

dot image
To advertise here,contact us
dot image