
കോളിവുഡിലെ അടുത്ത സെൻസേഷൻ ആകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് സൂപ്പർസ്റ്റാർ രജിനികാന്തിന്റെ കൂലി. ചിത്രത്തിന്റേതായി ഇന്നലെ പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന 'മോണിക്ക' എന്ന ഗാനം വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ഗാനത്തിലെ സൗബിൻ ഷാഹിറിന്റെ ഡാൻസ് വൈറലായിരുന്നു. ഇപ്പോഴിതാ കൂലി ഓഡിയോ ലോഞ്ചിലെ സൗബിന്റെ ഡാൻസ് ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.
ഇന്നലെ നടന്ന ഓഡിയോ ലോഞ്ചിലാണ് സൗബിൻ മോണിക്ക ഗാനത്തിനൊപ്പം ചുവടുവച്ചത്. വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ സൗബിനെ വരവേറ്റത്. ഓഡിയോ ലോഞ്ചിൽ നിന്നുള്ള ഡാൻസിന്റെ വീഡിയോ പലരും എക്സിലൂടെ പങ്കുവെക്കുന്നുണ്ട്. സിനിമയിലെ ഡാൻസിന്റെ അതേ എനർജി നടൻ സ്റ്റേജിൽ കാഴ്ചവെച്ചു എന്നാണ് കമന്റുകൾ. 'സൗബിക്ക തൂക്കിപറത്തൽ' എന്നും പലരും പോസ്റ്റ് ചെയ്യുന്നുണ്ട്. പൂജ ഹെഗ്ഡെയും സൗബിനുമാണ് മോണിക്ക ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. പൂജയെ സൗബിൻ കടത്തിവെട്ടിയെന്നും ഏത് സൂപ്പർതാരത്തിന്റെ ഒപ്പമെത്തിയാലും ഡാൻസിൽ മുന്നിട്ട് നിൽക്കുന്ന പൂജയെ ഇത്തവണ സൗബിൻ പിന്നിലാക്കി എന്നുമായിരുന്നു അന്ന് വീഡിയോ സോങ്ങിന് താഴെ വന്ന കമന്റുകൾ.
Soubikka Thookiparathal at #CoolieUnleashed 🔥💥❤️#SoubinShahir #Coolie
— Southwood (@Southwoodoffl) August 3, 2025
pic.twitter.com/a21nkdsbYT
വിഷ്ണു ഇടവന്റെ വരികൾക്ക് സുബ് ലശിണി, അനിരുദ്ധ് രവിചന്ദർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയ ഗാനത്തിന്‍റെ റാപ് ചെയ്തിരിക്കുന്നത് അസൽ കോലാർ ആണ്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്തുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Soubin dance goes viral at coolie audio launch