'ശാന്തമെങ്കിലും ഉറച്ച ശബ്ദം; അശരണരോടും ദുഃഖിതരോടും ചേര്‍ന്നുനിന്നു'; എം കെ സാനുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നതെന്ന് മുഖ്യമന്ത്രി

dot image

തിരുവനന്തപുരം: വിഖ്യാത എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തില്‍ അനുശോചിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരള സമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനു മാഷെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷാദ കവിതകളോട് അദ്ദേഹത്തിനുണ്ടായിരുന്ന മമത സൂചിപ്പിക്കുന്നത് അശരണരോടും ദുഃഖിതരോടും ചേര്‍ന്നുനില്‍ക്കാനുള്ള വ്യഗ്രതകൂടിയാണ്. അത് ജീവിതാന്ത്യം വരെ അദ്ദേഹം അങ്ങനെ തന്നെ സൂക്ഷിച്ചുപോന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥാ കാലത്ത് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പൊലീസ് തല്ലിച്ചതയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ വേദനിക്കുന്ന സാനു മാഷിനെ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാംഗമായി നാലുവര്‍ഷം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് എം കെ സാനു നടത്തിയതെന്നും മുഖ്യമന്ത്രി ഓർമിച്ചു. 'ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരില്‍ കേള്‍ക്കാനും അവ മന്ത്രിമാരുടെയും ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാനും അദ്ദേഹം സദാ ജാഗരൂകനായിരുന്നു. എഴുത്തും വായനയും രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹ്യസേവനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ് അദ്ദേഹം ചെയ്തത്. സാംസ്‌കാരിക, സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കരുതെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. കലാകാരന്‍ ഏതെങ്കിലും ഒരു പക്ഷം പിടിച്ചാല്‍ കല ദുഷിച്ചു പോകും എന്നതാണ് അവര്‍ ഉപയോഗിക്കുന്ന വാദം. എന്നാല്‍ അത് അങ്ങനെയല്ലെന്ന് തെളിയിക്കുന്നതാണ് സാനുമാഷിന്റെ ജീവിതം', മുഖ്യമന്ത്രി പറഞ്ഞു.

M K Sanu and Pinarayi Vijayan
എം കെ സാനുവിൻ്റെ അവസാന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നു

മുഖ്യമന്ത്രിയുടെ അനുസ്മരണ കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്ന ശ്രീ എം. കെ സാനു വിടവാങ്ങിയിരിക്കുകയാണ്. വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്.

കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നല്‍കിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അധ്യാപകന്‍, പണ്ഡിതനായ പ്രഭാഷകന്‍, ജനകീയനായ പൊതുപ്രവര്‍ത്തകന്‍, നിസ്വാര്‍ത്ഥനായ സാമൂഹ്യ സേവകന്‍, നിസ്വപക്ഷമുള്ള എഴുത്തുകാരന്‍, സമാനതകളില്ലാത്ത സാഹിത്യനിരൂപകന്‍ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങള്‍ ധാരാളമുണ്ട്.

സാനുമാഷിന്റെ ജീവിതം ആരംഭിക്കുന്നത് വളരെ സാധാരണമായ ചുറ്റുപാടുകളില്‍ നിന്നാണ്.

അവിടെ നിന്നാണ് അദ്ദേഹം ലോകത്തോളം വളര്‍ന്നത്. ജീവിതത്തില്‍ തനിക്കുണ്ടാകുന്ന വിഷമതകള്‍ തന്റെ മാത്രം വിഷമതകളല്ല എന്നും അതില്‍ ലോകക്രമത്തിന്റെ സ്വാധീനമുണ്ട് എന്നും മനസ്സിലാക്കിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അത് പലപ്പോഴും അദ്ദേഹത്തിന്റെ എഴുത്തുകളില്‍ തെളിഞ്ഞു കാണാനും കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം ഈ ദര്‍ശനങ്ങളിലുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അന്തര്‍മുഖനായ ഒരു വ്യക്തി സാമൂഹികജീവിതവുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന മാറ്റമാണ് നാം അദ്ദേഹത്തില്‍ കണ്ടത്. വിഷാദകവിതകളോട് അദ്ദേഹത്തിനുണ്ടായിരുന്ന മമത സൂചിപ്പിക്കുന്നത് അശരണരോടും ദുഃഖിതരോടും ചേര്‍ന്നുനില്‍ക്കാനുള്ള വ്യഗ്രതകൂടിയാണ്. അത് ജീവിതാന്ത്യം വരെ അദ്ദേഹം അങ്ങനെ തന്നെ സൂക്ഷിച്ചുപോന്നു.

സാനുമാഷിന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത് അധ്യാപന ജീവിതത്തോടുകൂടിയാണ്. കുട്ടികളോടുള്ള പ്രത്യേക വാത്സല്യം അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനായി അദ്ദേഹത്തെ മാറ്റി. സ്‌കൂള്‍ അധ്യാപകനായി ചേര്‍ന്ന ശേഷം പിന്നീട് കോളേജ് അധ്യാപന രംഗത്ത് അദ്ദേഹം എത്തിച്ചേരുകയുണ്ടായി. ദീര്‍ഘകാലം എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു അദ്ദേഹം. എന്റെ വിദ്യാര്‍ത്ഥി ജീവിതകാലത്തിനു ശേഷമാണ് കുറച്ചുകാലം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അദ്ദേഹം അധ്യാപകനായി എത്തുന്നത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പോലീസ് തല്ലിച്ചതയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ വേദനിക്കുന്ന സാനുമാഷിനെ ഞാന്‍ കണ്ടിട്ടുണ്ട്. ശരിക്കും മാനവികതയിലൂന്നിയ സമഭാവ ദര്‍ശനം എന്തെന്നു പഠിക്കാനുതകുന്ന പാഠപുസ്തകം കൂടിയായിരുന്നു ആ ജീവിതം.

പില്‍ക്കാലത്ത് വ്യക്തിപരമായി നല്ല നിലയിലുള്ള അടുപ്പം ഞങ്ങള്‍ തമ്മിലുണ്ടായി. പലതവണ അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രം കരിക്കാമുറിയിലെ 'സന്ധ്യ' എന്ന വീട്ടില്‍ എത്തിയിട്ടുണ്ട്. എല്ലാപേരോടും സമഭാവത്തോടെ പെരുമാറുന്ന അദ്ദേഹത്തിന്റെ സവിശേഷത മാതൃകാപരമാണ്.

സഖാവ് ഇ എം എസ്സുമായി സംവാദാത്മകമായ ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ടുകൂടിയാണ്, കോളേജ് അദ്ധ്യാപനത്തില്‍ നിന്നും വിരമിച്ച ശേഷം, ഇ എം എസ്സിന്റെ അപേക്ഷ പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം തയ്യാറായത്.

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹം നേടിയ വിജയം ശ്രദ്ധാര്‍ഹമായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരുമായിരുന്നവരുടെ വലിയ പിന്തുണയാണ് തെരഞ്ഞെടുപ്പ് സമയത്ത് അവിടെ കണ്ടത്. എല്ലാവരോടും സൗമ്യമായി മാത്രം ഇടപെടുകയും വിനയത്തോടെ മാത്രം പെരുമാറുകയും അതേസമയം സ്വന്തം നിലപാടുകള്‍ തുറന്നുപറയുകയും ചെയ്യുന്ന ഒരു പ്രത്യേക രീതിയായിരുന്നു അദ്ദേഹത്തിന്റേത്. നിയമസഭാംഗമായി നാലുവര്‍ഷം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരില്‍ കേള്‍ക്കാനും അവ മന്ത്രിമാരുടെയും ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാനും അദ്ദേഹം സദാ ജാഗരൂകനായിരുന്നു.

എഴുത്തും വായനയും രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹ്യസേവനവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുകയാണ് അദ്ദേഹം ചെയ്തത്. സാംസ്‌കാരിക, സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കരുതെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. കലാകാരന്‍ ഏതെങ്കിലും ഒരു പക്ഷം പിടിച്ചാല്‍ കല ദുഷിച്ചു പോകും എന്നതാണ് അവര്‍ ഉപയോഗിക്കുന്ന വാദം. എന്നാല്‍ അത് അങ്ങനെയല്ലായെന്ന് തെളിയിക്കുന്നതാണ് സാനുമാഷിന്റെ ജീവിതം. തന്റെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ എഴുത്തുകള്‍ കൂടുതല്‍ തിളക്കമുള്ളവയായി മാറി. ലോകക്ഷേമം സ്വപ്നം കാണുന്നവരാണ് ഭാവിയുടെ വിധാതാക്കള്‍ എന്ന വിശ്വാസമാണ് തന്റെ രാഷ്ട്രീയമെന്നും, ആ വിശ്വാസമാണ് തന്നെ ഇടതുപക്ഷത്തോട് ചേര്‍ത്തുനിര്‍ത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ജീവചരിത്രകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയരായ നിരവധി വ്യക്തികളെ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണഗുരു, കുമാരനാശാന്‍, ചങ്ങമ്പുഴ, എം ഗോവിന്ദന്‍ തുടങ്ങി കേസരി ബാലകൃഷ്ണപിള്ള വരെ എത്തിനില്‍ക്കുന്നു ആ ജീവചരിത്ര ശേഖരം. അവയെല്ലാം കേവലമായ ജീവചരിത്രഗ്രന്ഥങ്ങള്‍ മാത്രമല്ല, സാമൂഹിക - സാഹിത്യ - രാഷ്ട്രീയ മേഖലകളിലെ പാഠപുസ്തകങ്ങള്‍ കൂടിയാണ്.

ശ്രീനാരായണഗുരുവിന്റെ ദര്‍ശനം ആഴത്തില്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും അദ്ദേഹത്തിന് കഴിഞ്ഞു. ആ ദര്‍ശനത്തിലേക്ക് സമൂഹത്തെ നയിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കരുതി. മാനവികതയില്‍ അധിഷ്ഠിതമായ ശ്രീനാരായണദര്‍ശനത്തിന് സമൂഹത്തെ സമത്വത്തിലേക്ക് നയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ശ്രീനാരായണ ദര്‍ശനങ്ങളെ നവകേരള സൃഷ്ടിയോട് ബന്ധിപ്പിച്ച ഒരു കണ്ണി കൂടിയാണ് സാനു മാഷിന്റെ വിയോഗത്തിലൂടെ വേര്‍പെട്ടുപോയത്.

ശ്രീനാരായണ ദര്‍ശനത്തോടൊപ്പം മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് തത്വങ്ങളില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും സമൂഹത്തെ മുന്നോട്ടുനയിക്കാനും പുതിയൊരു സമൂഹം കെട്ടിപ്പടുക്കാനും സഹായകമാകുമെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. ആ ആശയത്തെ എക്കാലവും അദ്ദേഹം മുറുകെ പിടിച്ചു. ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജീവിതമായിരുന്നു സാനുമാഷിന്റേത്. താന്‍ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേര്‍ക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

Content Highlights: CM Pinarayi Vijayan remember M K Sanu

dot image
To advertise here,contact us
dot image