യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളുടെ ചേരിതിരിഞ്ഞുളള ഏറ്റുമുട്ടല്‍: യൂണിറ്റ് പിരിച്ചുവിടാന്‍ തീരുമാനം

കോളേജില്‍ നിന്നുളള ജില്ലാ-ഏരിയാ കമ്മിറ്റി അംഗങ്ങളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കും. പകരം അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തും

dot image

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ നടപടിയെടുക്കാനൊരുങ്ങി ജില്ലാ നേതൃത്വം. കോളേജ് യൂണിറ്റ് കമ്മിറ്റി തലവേദനയാണെന്ന് ജില്ലാ നേതൃത്വം വിലയിരുത്തി. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് യൂണിറ്റിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത്. യൂണിറ്റ് പിരിച്ചുവിടാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. യൂണിറ്റ് സെക്രട്ടറി ഒഴികെ എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കാനും തീരുമാനമായി. കോളേജില്‍ നിന്നുളള ജില്ലാ-ഏരിയാ കമ്മിറ്റി അംഗങ്ങളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കും. പകരം അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തും. നിരന്തരം പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളുമുണ്ടാക്കി സംഘടനയെ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിസന്ധിയിലാക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നു. യൂണിവേഴ്‌സിറ്റി ഫെസ്റ്റുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിലും ക്രമക്കേട് ആരോപണമുയര്‍ന്നിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ ജില്ലാ നേതാവിന് മര്‍ദനമേറ്റിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ അനധികൃത താമസവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. കോളേജ് വളപ്പിലായിരുന്നു സംഘര്‍ഷമുണ്ടായത്. തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ എത്തിയ ജില്ലാ നേതാവിനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഇരുകൂട്ടരും പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയെ പിരിച്ചുവിടാന്‍ ആറുമാസം മുന്‍പ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനത്തെ വെല്ലുവിളിച്ച് അതേ യൂണിറ്റ് കമ്മിറ്റിയെ എസ്എഫ്ഐ സജീവമാക്കുകയായിരുന്നു.

Content Highlights: Clashes between SFI leaders at University College: Decision to disband the unit

dot image
To advertise here,contact us
dot image