ബലാത്സംഗക്കേസ്; വേടൻ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകും

യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്

dot image

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടും. ഇന്ന് തന്നെ ജാമ്യാപേക്ഷ നല്‍കാനാണ് അഭിഭാഷകന്റെ ശ്രമം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി കൊച്ചി സിറ്റി പൊലീസിനോട് വിശദീകരണം തേടിയേക്കും.

യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നേക്കും. ഇത് മുന്‍കൂട്ടി കണ്ടാണ് വേടൻ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകുന്നത്.

2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്സിക് ആണ്, സ്വാര്‍ത്ഥയാണ് എന്നുള്‍പ്പെടെ ആരോപിച്ചായിരുന്നു ഒഴിവാക്കല്‍ എന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചിരുന്നു. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന്‍ കൂട്ടിച്ചേർത്തു.

Content Highlight : Rapper Vedan to face rape case legally; Anticipatory bail will be granted in the High Court today

dot image
To advertise here,contact us
dot image