
ബെംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ടക്കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തലിൽ നിര്‍ണ്ണായകമായി ആറാം പോയിന്റിലെ തിരച്ചില്‍. പ്രദേശത്തെ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചതായാണ് വിവരം. സാക്ഷി പറഞ്ഞ ആറാമത്തെ പോയിന്റില്‍ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗം കണ്ടെത്തിയത്.
പ്രദേശത്ത് തിരച്ചിലിനായി 13 സ്‌പോട്ടുകളാണ് മാര്‍ക്ക് ചെയ്തത്. അതില്‍ അഞ്ചിടങ്ങളില്‍ ഇന്നലെയും ഇന്നുമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്നാണ് ആറാമത്തെ സ്‌പോട്ടില്‍ പരിശോധന ആരംഭിച്ചത്. അവിടെ നിന്നാണ് അസ്ഥികൾ കണ്ടെടുത്തത്. മനുഷ്യന്റെ അസ്ഥിയാണോയെന്ന് സ്ഥിരീകരിക്കാനായി ഫോറന്‍സിക് സംഘം പരിശോധന നടത്തും. പരിശോധനയ്ക്കിടെ ഇന്ന് ഒരു സ്ത്രീയുടെ വസ്ത്രങ്ങളും വാനിറ്റി ബാഗും തിരിച്ചറിയല്‍ രേഖകളും ലഭിച്ചിരുന്നു. ലഭിച്ച തെളിവുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായേക്കും.
കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് വിശദമായ പരിശോധനയാണ് ഇന്ന് നടക്കുന്നത്. അഞ്ചാമത്തെ പോയിന്റ് മുതല്‍ 12 പോയിന്റ് വരെ കുഴിച്ചാണ് ഇന്നത്തെ പരിശോധന നടക്കുന്നത്. കാണാതായ കേസുകളുള്‍പ്പെടെ പരാതി അറിയിക്കാനായി മംഗുളുരു കദിരിയില്‍ പ്രത്യേക അന്വേഷണ സംഘം ഹെല്‍പ്പ്‌ഡെസ്‌ക് തുറന്നിട്ടുണ്ട്. തിരച്ചിലിന്റെ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ എസ്‌ഐടി അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അന്വേഷണ സംഘത്തലവന്‍ പ്രണബ് മൊഹന്തി.
Content Highlights: Skelton found at Dharmasthala mass burial case