അമിത് ഷായുടെ വാക്കുകൾ പോലും കാറ്റിൽ പറത്തി; കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിർത്തത് ദുഃഖകരം: മാർ ജോസഫ് പാംപ്ലാനി

നിര്‍ബന്ധിത പരിവര്‍ത്തനം എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം വിളിച്ച് കൂവിയാല്‍ അത് നിര്‍ബന്ധിത പരിവര്‍ത്തനമാകില്ലായെന്നും ജോസഫ് പാംപ്ലാനി

dot image

കൊച്ചി: ഛത്തീസ്ഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ത്ത പ്രോസിക്യൂഷൻ നടപടിയെ അപലപിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. അമിത് ഷായുടെ ഉറപ്പ് രാജ്യം പ്രതീക്ഷയോടെയാണ് കേട്ടതെന്നും കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തത് ഖേദകരമെന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

അമിത് ഷാ വിഷയത്തില്‍ ഇടപെട്ടതും സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ല എന്ന് പറഞ്ഞതും വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍ പോലും കാറ്റില്‍ പറത്തി സംസ്ഥാന സര്‍ക്കാര്‍ നിഗൂഢമായ നീക്കത്തിലൂടെയാണ് ജാമ്യഹര്‍ജിയെ എതിര്‍ത്തത്. ഇത് അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സമയോചിതമായ ഇടപടെല്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് വരുത്തി തീര്‍ക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുകയാണ്. അത്തരം സംഘടനകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. രാജ്യത്ത് നീതി നിഷേധിക്കപ്പെടുമ്പോള്‍ ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടങ്ങളെയല്ലാതെ തങ്ങളാരെയാണ് സമീപിക്കേണ്ടതെന്നും ജോസഫ് പാംപ്ലാനി ചോദിച്ചു. ഇത്തരത്തില്‍ നീതി നിഷേധിക്കുമ്പോള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയല്ലാതെ തങ്ങള്‍ എന്താണ് ചെയ്യേണ്ടത്. നിര്‍ബന്ധിത പരിവര്‍ത്തനം എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം വിളിച്ച് കൂവിയാല്‍ അത് നിര്‍ബന്ധിത പരിവര്‍ത്തനമാകില്ലായെന്നും അദ്ദേഹം പറഞ്ഞു.

Content Highlights-Mar Joseph Pamplani on Chattisgarh issue

dot image
To advertise here,contact us
dot image