നടക്കുന്നത് കെട്ടിച്ചമച്ച ദുഷ്പ്രചാരണങ്ങള്‍; വി എസ് അവസാനശ്വാസം വരെ പാര്‍ട്ടിക്കൊപ്പം നിന്ന നേതാവ്: എം എ ബേബി

വി എസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ പലര്‍ക്കും താല്‍പര്യം ഉണ്ടാകുമെന്ന് എം എ ബേബി

dot image

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്യാപിറ്റല്‍ പണിഷ്‌മെന്റ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വി എസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ പലര്‍ക്കും താല്‍പര്യം ഉണ്ടാകുമെന്നും അങ്ങനെയുള്ള വിവാദങ്ങളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എം എ ബേബി പറഞ്ഞു.

വി എസിനെതിരെ കെട്ടിച്ചമച്ച ദുഷ്പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അവസാനശ്വാസം വരെ പാര്‍ട്ടിക്ക് ഒപ്പം നിന്ന നേതാവാണ് വി എസ് എന്നും എം എ ബേബി പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിലും എം എ ബേബി പ്രതികരിച്ചു. കന്യാസ്ത്രീകളെ ജയിലില്‍ ഇട്ടിരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ഭീഷണിയാണെന്ന് എം എ ബേബി പറഞ്ഞു. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കുന്നു. എന്നിട്ട് നടപടിക്രമങ്ങളെ കുറിച്ച് പരാതി പറയുന്നു. അതാണ് ബിജെപി ചെയ്യുന്നത്. കൃത്രിമ തെളിവുണ്ടാക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെയും സംസ്ഥാന ബിജെപി സര്‍ക്കാരിന്റെയും രീതി. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് നീതി ന്യായ സംവിധാനത്തെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

വി എസിനെതിരായ ക്യാപിറ്റല്‍ പണിഷ്‌മെന്റ് ആരോപണം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ ലേഖനമാണ് ക്യാപിറ്റല്‍ പണിഷ്മെന്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വി എസിന്റെ മരണത്തിന് പിന്നാലെ മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ 'ഇങ്ങനെയൊക്കെയായിരുന്നു എന്റെ വി എസ്' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലായിരുന്നു സുരേഷ് കുറുപ്പ് വി എസിനെതിരെ ക്യാപിറ്റല്‍ പണിഷ്മെന്റ് ആരോപണം ഉയര്‍ത്തിയത്. വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് ഒരു കൊച്ചുപെണ്‍കുട്ടിയാണെന്നായിരുന്നു സുരേഷ് കുറുപ്പ് പറഞ്ഞത്. ആ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വി എസ് വേദി വിട്ട് പുറത്തേക്കിറങ്ങിയെന്നും സുരേഷ് കുറുപ്പ് പറഞ്ഞിരുന്നു.

Content Highlights- M A Baby reaction on capital punishment allegation against CPIM leader V S Achuthanandan

dot image
To advertise here,contact us
dot image