കണ്ണീർപ്പൂക്കൾ; ചൂരൽമല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓർമയിൽ അധ്യാപകർ

ചൂരൽമല സ്‌കൂളിലെ 33 കുട്ടികളെയാണ് ഉരുൾപൊട്ടലിൽ നഷ്‌ടമായത്‌

dot image

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ചൂരൽമല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓർമയിൽ അധ്യാപകർ. ബെയ്‌ലി പാലത്തിന് സമീപം ഒരുക്കിയ, ദുരന്തത്തിൽ മരിച്ച കുട്ടികളുടെ ചിത്രങ്ങൾക്ക് മുന്നിൽ അധ്യാപകർ അടക്കമുള്ളവർ പുഷ്പാഞ്ജലി നടത്തി. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും പുഷ്‌പാഞ്ജലി അർപ്പിക്കാനെത്തി. ദുരന്തം ചൂരൽമല സ്കൂളിനെ തകർത്തെറിഞ്ഞപ്പോൾ നെഞ്ച്പൊട്ടി കരഞ്ഞ പിന്നീട് അവിടുത്തെ വിദ്യാർത്ഥികൾക്ക് അതിജീവനത്തിൻ്റെ പാഠങ്ങൾ പകർന്ന് നൽകിയ ഉണ്ണി മാഷും പുഷ്പാഞ്ജലി അർപ്പിക്കാനുണ്ടായിരുന്നു.

ചൂരൽമല സ്‌കൂളിലെ 33 കുട്ടികളെയാണ് ഉരുൾപൊട്ടലിൽ നഷ്‌ടമായത്‌. ഉരുൾപൊട്ടൽ അപകടത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്. 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറിയത്.

രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തം അക്ഷരാർത്ഥത്തിൽ ഒരു ​​ഗ്രാമത്തെ തകർത്തെറിയുകയായിരുന്നു. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചകളിൽ ഉയരുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. എന്നാൽ പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർ‌മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേ​ഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.

Content Highlights: teachers in remembrance of chooralmala school students who lost their life in landslide

dot image
To advertise here,contact us
dot image