

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോ എന്നതിൽ ഹൈക്കമാൻഡാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ സുധാകരനുമായി സംസാരിച്ചുവെന്നും അദ്ദേഹം ഡൽഹിയിലേക്ക് വരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഒരാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതിൽ എന്ത് ചെയ്യണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. വിജയസാധ്യതയെ അത് ബാധിക്കില്ല. മത്സരിക്കുമെന്ന് ആരും സ്വയം പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരനുമായി ഇന്നലെ സംസാരിച്ചുന്നു. അദ്ദേഹം തിങ്കളാഴ്ച ഡൽഹിയിലേക്ക് വരും. അദ്ദേഹവുമായി സംസാരിക്കും പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഐഎമ്മുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരന് പിന്തുണ നൽകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, വിഷയം യുഡിഎഫ് കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. അതേസമയം സിപിഐ വിട്ട സി സി മുകുന്ദൻ എംഎൽഎ എല്ലാവരുമായും സംസാരിച്ചിട്ടുണ്ടെന്നും അക്കാര്യത്തിലും ആലോചിച്ച് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിനായി യുഡിഎഫ് പൂർണസജ്ജമാണ്. എല്ലാം സെറ്റാണ്. കേരളവും സെറ്റാണ് ഞങ്ങളും സെറ്റാണ്. കേരളം രാഷ്ട്രീയമാറ്റത്തിന് തയ്യാറാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights: Ramesh Chennithala says he spoke to K Sudhakaran. and he will come to Delhi