ലൈനുകൾ അപകടാവസ്ഥയിൽ, കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ; വേങ്ങരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധം

നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതർ അവഗണിച്ചെന്ന് നാട്ടുകാർ

dot image

മലപ്പുറം: വേങ്ങരയിൽ പതിനെട്ടുകാരനായ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. വിദ്യാർഥി മരിച്ച സ്ഥലത്തിന് സമീപം വേറെയും വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിൽ ഉണ്ടെന്നാണ് ആരോപണം. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതർ പരിഗണിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.

സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ കുളിക്കാൻ ഇറങ്ങിയ പതിനെട്ടുകാരൻ മുഹമ്മദ് വദൂദാണ് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. അപകടം നടന്നതിന് മൂന്ന് ദിവസം മുൻപുണ്ടായ ശക്തമായ കാറ്റിൽ പ്രദേശത്തെ വൈദ്യുതി ലൈനുകൾ അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥർ താത്കാലികമായി എന്തെങ്കിലും ചെയ്തുവെച്ചിട്ടാണ് പോകുക. അപകടമുണ്ടായ സ്ഥലത്തിന് സമീപം ചെടികൾക്കും വള്ളിപ്പടർപ്പുകൾക്കുമിടയിൽ കൂടിയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. പലയിടത്തും വൈദ്യുതി പോസ്റ്റുകൾ നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. ഇതാണ് നാട്ടുകാരെ രോഷാകുലരാക്കുന്നത്.

തോടിന്റെ താഴ്ഭാഗത്തേക്ക് നീന്തിപ്പോയി കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലാണ് ഇന്നലെ വെെകുന്നേരം മുഹമ്മദ് വദൂദിന് അപകടം സംഭവിച്ചത്. കനത്ത മഴയെ തുടർന്ന് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. സമീപത്തെ പറമ്പിലൂടെ പുഴയുടെ ഒരു ഭാഗത്തേക്കാണ് വൈദ്യുതി കമ്പി വീണ് കിടന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് വദൂദിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Content Highlights: locals against kseb at vengara 18 year old electrocution death

dot image
To advertise here,contact us
dot image