

തിരുവനന്തപുരം: ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കെ മുരളീധരനും സണ്ണി ജോസഫും. ഗണേഷ് കുമാറിനെ ഒരു നിമിഷം പോലും ക്യാബിനറ്റില്‍ വച്ചുകൊണ്ടിരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും വഞ്ചനയാണ് പുറത്തുവന്നതെന്നും ഗണേഷ് കുമാര്‍ രാജിവെക്കണമെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇരുവരും ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടത്.
മന്ത്രിയുടെ ഭാര്യ 112ല്‍ വിളിച്ച് പരാതി പറഞ്ഞിട്ടും വീട്ടുകാര്യമാണെന്ന് പറഞ്ഞ് പൊലീസ് ലാഘവത്തോടെ മടങ്ങിയെന്നും കെ മുളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് പറഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. 5,000ത്തോളം പ്രണയങ്ങളുണ്ടായെന്നാണല്ലോ മന്ത്രി പറഞ്ഞത്. അതില്‍ രണ്ട് പേരെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയുടെ പരാതിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
ഇപ്പോള്‍ രണ്ടാം ഭാര്യ പരാതിയുമായി രംഗത്തെത്തി. ഇത്തരം ഒരാള്‍ പൊതുരംഗത്തിന് ഭൂഷണമാണോ എന്ന കാര്യം പരിശോധിക്കണം. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നാണ് ഭാര്യ പറഞ്ഞത്. മുഖ്യമന്ത്രി എങ്ങനെയാണ് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് അറിയേണ്ടത്. കേരളത്തില്‍ മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പിന്നെ എന്ത് സുരക്ഷയാണ് കേരളത്തിലെ സ്ത്രീകള്‍ക്കുള്ളത്. മന്ത്രി മന്ദിരത്തില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. എത്ര കല്യാണം കഴിക്കണമെന്നതെല്ലാം മന്ത്രിയുടെ താല്‍പര്യമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം മുന്‍പും ഗണേഷ് കുമാറിനെതിരെ സമാന ആരോപണമുണ്ടായപ്പോള്‍ സിപിഐഎം 'വെടക്കാക്കി തനിക്കാക്കി'യെന്ന് സണ്ണി ജോസഫ് ആരോപിച്ചു. നടക്കാന്‍ പാടില്ലാത്ത കാര്യം നേരിട്ട് കണ്ടുവെന്നാണ് ഗണേഷിന്റെ ഭാര്യ പറഞ്ഞത്. ഗണേഷ് കുമാര്‍ പറഞ്ഞത് പ്രണയമാണ് എന്നാണ്. പ്രണയം കാണാന്‍ പാടില്ലാത്ത രീതിയില്‍ കാണുന്നതാണോ. ഇത്തരം പ്രവര്‍ത്തികള്‍ മന്ത്രിക്ക് ചേര്‍ന്നതാണോ. പൊലീസ് അവിടെ എന്തിന് എത്തി. മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ പൊലീസ് അല്ല അത്. മുഖ്യമന്ത്രിയും മഹിളാ അസോസിയേഷനും മറുപടി പറയണമെന്നും സെറ്റില്‍മെന്റ് ആണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നും സണ്ണി ജോസഫ് ചോദിച്ചു.
Content Highlight; K Muraleedharan, Sunny Joseph Demand Minister’s Resignation After Bindu Menon’s Allegations Against Ganesh Kumar