തമിഴ്നാട്ടിലെത്തി മാധ്യമങ്ങളെ ഉപയോഗിച്ച് നിരപരാധിയെന്ന് വരുത്തുക ലക്ഷ്യം: ജയിൽ ചാട്ടത്തിൽ ഗോവിന്ദച്ചാമി

ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ജയിൽവകുപ്പ്

dot image

തൃശ്ശൂർ: ജയിൽ ചാടിയ ശേഷം തമിഴ്നാട്ടിൽ എത്തി മാധ്യമങ്ങളെ ഉപയോ​ഗിച്ച് നിരപരാധിയെന്ന് വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് ​ഗോവിന്ദച്ചാമിയുടെ മൊഴി. തമിഴ്നാട്ടിലെ മാധ്യമങ്ങളെ ഉപയോഗിച്ച് താൻ കുറ്റക്കാരനല്ലെന്ന് വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ​ഗോവിന്ദച്ചാമി മൊഴി നൽകിയിരിക്കുന്നത്. തമിഴ്നാട്ടുകാരനായ തന്നെ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ ഇട്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്നാണ് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ ​ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്ന വിയ്യൂർ അതിസുരക്ഷാ ജയിലിലെ ജി എഫ് വൺ സെല്ലിന് അകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെയും ജയിൽവകുപ്പ് നിയോ​ഗിച്ചിട്ടുണ്ട്.

​ഗോവിന്ദച്ചാമിയുടെ കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനിച്ചിരുന്നു. ഗോവിന്ദച്ചാമിയെ ഇന്നലെ രാവിലെയാണ് കണ്ണൂരിൽ നിന്നും വിയ്യൂർ ജയിലിലേക്ക് മാറ്റിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയതിന് പിന്നാലെയാണ് ജയിൽമാറ്റം. അതീവ സുരക്ഷയിലായിലാണ് വിയ്യൂരിൽ എത്തിച്ചത്. ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തിൽ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്.

25ന് പുലർച്ചെയായിരുന്നു ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഗോവിന്ദച്ചാമി ജയിലിന് പുറത്തെത്തിയ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. പുലർച്ചെ അഞ്ചേകാലോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പുറത്തെത്തിയ ​ഗോവിന്ദച്ചാമി കൈപ്പത്തി ഇല്ലാത്ത കൈ തലയിൽ വെച്ച് മുകളിൽ സഞ്ചി കൊണ്ട് മറച്ചു പിടിച്ചാണ് ​റോഡിലൂടെ നടക്കുന്നത്. ജയിലിൽ നിന്നിറങ്ങിയത് മുതൽ കൈ തലയിൽ വച്ചാണ് നടത്തം. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. ആരെങ്കിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടാൽ ​ഗോവിന്ദച്ചാമി അപ്പോൾ തിരിഞ്ഞ് നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സൂപ്രണ്ട് ഗേറ്റിന് സമീപത്തെ ദൃശ്യങ്ങളാണ് റിപ്പോർട്ടറിന് ലഭിച്ചത്.

ജയിൽ ചാടിയ ഗോവിന്ദച്ചാമിയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിരുന്നു. ജയിൽമാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോൾ കിട്ടാത്തതിൽ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. 2017 മുതൽ ജയിൽ ചാടാൻ തീരുമാനിച്ചിരുന്നു. പലതവണ സെല്ലുകൾ മാറ്റിയതുകൊണ്ട് ഒരുക്കിയ പദ്ധതി നീണ്ടു. 10 മാസം മുൻപ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി. ഏഴ് കമ്പികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്പോൾ നൂൽ കൊണ്ട് കെട്ടിവെക്കും. രാത്രി കാലങ്ങളിൽ കമ്പി മുറിക്കും. പകൽ കിടന്നുറങ്ങും. സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ പാത്രം കൊണ്ട് കൊട്ടി നോക്കും. ഇല്ലെന്ന് മനസിലായാൽ കമ്പി മുറിക്കാൻ തുടങ്ങും. ജയിൽ വളപ്പിൽ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാൻ ഉപയോഗിച്ചത്. കൂടുതൽ ശബ്ദം പുറത്തുവരാതിരിക്കാൻ തുണി ചേർത്തുപിടിച്ചായിരുന്നു മുറിച്ചത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്നാണ് ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു.

Content Highlights: The goal is to use the Tamil media to prove his innocence Govindachamy on jailbreak

dot image
To advertise here,contact us
dot image