പാർട്ടിയിൽ പലരും സ്ഥാനങ്ങൾക്ക് വേണ്ടി വിഎസിനെ ചീത്ത പറഞ്ഞിട്ടുണ്ട്: എ സുരേഷ് കുമാർ

ആലപ്പുഴ സമ്മേളനത്തിൽ വിഎസിനെ വിഷമിപ്പിക്കും വിധം ഒരുപാട് പരാമർശങ്ങൾ ഉണ്ടായെന്നും എ സുരേഷ് കുമാർ

dot image

തിരുവനന്തപുരം: ആലപ്പുഴ സമ്മേളനം വി എസിനെ അധിക്ഷേപിക്കാൻ വേണ്ടി മാത്രം നടത്തിയ സമ്മേളനമെന്ന് എ സുരേഷ് കുമാർ. സമ്മേളനത്തിൽ വിഎസിനെ വിഷമിപ്പിക്കും വിധം ഒരുപാട് പരാമർശങ്ങൾ ഉണ്ടായി എന്നും വി എസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. 'പാർട്ടിയിൽ പലരും സ്ഥാനങ്ങൾക്ക് വേണ്ടി വിഎസിനെ ചീത്ത പറഞ്ഞിട്ടുണ്ട്. വിഎസിന്റെ സ്വന്തം തട്ടകത്തിൽ വെച്ച് അദ്ദേഹത്തെ അധിക്ഷേപിച്ചു. അത് വിഎസിനെ വളരെയധികം വിഷമിപ്പിച്ചു' എന്നും സുരേഷ് പ്രതികരിച്ചു.

വിഎസ് മാനസിക വിഷമം അനുഭവിച്ചിരുന്നുവെന്നും സമ്മേളനത്തിൽ നിന്നിറങ്ങി പോവുക എന്ന് പറയുന്നത് ഒരു സഖാവിനെ സംബന്ധിച്ചിടത്തോളം കഠിനമായ തീരുമാനമാണെന്നും സുരേഷ് കുമാർ പറഞ്ഞു. പാർട്ടി രൂപീകരിച്ച ഒരാളെ സംബന്ധിച്ചിടത്തോളം പുറത്തിറങ്ങി വരണമെങ്കിൽ അത്രത്തോളം അധിക്ഷേപം നേരിട്ടിട്ടുണ്ടാവണം. അതിൻ്റെ വിഷമം വിഎസിൻ്റെ മുഖഭാവത്തിലും ശരീര ഭാഷ്യത്തിലും ഉണ്ടായിരുന്നുവെന്നും സുരേഷ് കുമാർ കൂട്ടിച്ചേ‍ർത്തു.

ഒരു പരാമർശം മാത്രമല്ല മറ്റ് പല പരാമർശങ്ങളും വിഎസിനെ വേദനിപ്പിച്ചുവെന്നും സുരേഷ് കുമാർ വ്യക്തമാക്കി. പാർട്ടിക്ക് അകത്ത് ഒരുപാട് ഉൾപാർട്ടി പ്രശ്നങ്ങൾ നടന്നിട്ടുണ്ട്. അന്നൊക്കെ ഞാൻ വിഎസിനൊപ്പം ഉണ്ടായിരുന്നു. വിഎസ് പാർട്ടിയിലുള്ളപ്പോൾ ജനിച്ചിട്ടില്ലാത്തവർ വരെ വിഎസിനെ അധിക്ഷേപിച്ചു. പി ബി യിലേക്ക് വിഎസിനെ തിരിച്ചെടുക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമം ഉണ്ടായിരുന്നുവെന്നും സുരേഷ് കൂട്ടിച്ചേർത്തു.

സുരേഷ് കുറുപ്പ് സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായിരുന്നുവെന്നും സുരേഷ് കുമാർ ചൂണ്ടിക്കാണിച്ചു. പിരപ്പൻകോട് മുരളി ആ കാലത്ത് സംസ്ഥാന കമ്മിറ്റി അംഗമാണെന്നും പിരപ്പൻകോട് മുരളി പറഞ്ഞതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

Content Highlights: Many in the party have maligned VS for positions A Suresh Kumar

dot image
To advertise here,contact us
dot image