എം സ്വരാജിനെ കരിവാരിത്തേക്കാനുളള ബോധപൂര്‍വമായ ശ്രമം: ക്യാപിറ്റൽ പണിഷ്മെൻ്റ് വിവാദത്തിൽ കടകംപളളി സുരേന്ദ്രന്‍

കോണ്‍ഗ്രസ് ചോദിക്കുമ്പോള്‍ മിനിറ്റ്‌സ് കൊടുക്കലല്ല തങ്ങളുടെ പണിയെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു

dot image

തിരുവനന്തപുരം: ആലപ്പുഴ സമ്മേളനത്തില്‍ വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് വനിതാ യുവ നേതാവ് പറഞ്ഞിരുന്നെന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ വാദം തളളി മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍. ആലപ്പുഴ സമ്മേളനത്തില്‍ പങ്കെടുത്തയാളാണ് താനെന്നും അത്തരം പരാമര്‍ശം എവിടെയും കേട്ടിട്ടില്ലെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. എം സ്വരാജിനെ കരിവാരി തേക്കാനുളള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സ്വരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുളള ശ്രമമാണ് നടക്കുന്നത്. ഇത് എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നത് അത്ഭുതകരമാണ്. വിഷയത്തില്‍ സ്വരാജ് അന്നുതന്നെ വിശദീകരണം തന്നതാണ്. വി എസിനെ മാതൃകാ പുരുഷനായി കണ്ടാണ് സ്വരാജ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. വിവാദം ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് സ്വരാജിനെ കരിവാരിത്തേക്കാനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തത വരുത്തിയതാണ്. ഇനി അതിന്റെ ആവശ്യമില്ല'- കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് ചോദിക്കുമ്പോള്‍ മിനിറ്റ്‌സ് കൊടുക്കലല്ല തങ്ങളുടെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് കുറുപ്പിനെതിരെ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.  ഒരാളും ആലപ്പുഴ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. താനും ആലപ്പുഴ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഒരു വനിതാ നേതാവും ഇങ്ങനെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വി എസ് മരിച്ച ശേഷം അനാവശ്യ വിവാദങ്ങള്‍ക്ക് ശ്രമിക്കുന്നു. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഉത്കണ്ഠപ്പെടുന്നവരാണ് ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കുന്നതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. പിരപ്പന്‍കോട് മുരളി പറഞ്ഞത് ശുദ്ധ നുണയാണ്. പറയാന്‍ ആണെങ്കില്‍ അന്നേ പറയാമായിരുന്നു. ഇപ്പോള്‍ പറയുന്നതിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് കൊച്ചുപെണ്‍കുട്ടിയാണെന്നായിരുന്നു സുരേഷ് കുറുപ്പിന്റെ പരാമര്‍ശം. 'ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വി എസ് വേദി വിട്ട് പുറത്തേക്കിറങ്ങി'യെന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ 'ഇങ്ങനെയൊക്കെയായിരുന്നു എന്റെ വി എസ്' എന്ന പേരിലെഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സമ്മേളനത്തില്‍ കാപിറ്റല്‍ പണിഷ്‌മെന്റ് വാദം ഒരു യുവനേതാവ് ഉയര്‍ത്തിയെന്ന് പിരപ്പന്‍കോട് മുരളിയും പറഞ്ഞിരുന്നു.

Content Highlights: Kadakampally Surendran against suresh kurup allegation vs achuthanandan capital punishment

dot image
To advertise here,contact us
dot image