പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ്

dot image

തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവെച്ചു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുമാണ് അദ്ദേഹം രാജിവെച്ചത്. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.

പാർട്ടി നിർദ്ദേശപ്രകാരമാണ് രവിയുടെ രാജിയെന്നാണ് വിവരം. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി വലിയ പ്രതിസന്ധിയിലായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞത്.

നിയമസഭയിലും കോൺഗ്രസ് താഴെ വീഴുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറഞ്ഞു. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്‌സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതോടെ ഈ പാർട്ടിയുടെ അധോഗതിയായിരിക്കും എന്നും പാലോട് രവി പറഞ്ഞിരുന്നു.

പരാമർശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവന്നിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കിൽ പരാജയമുണ്ടാകും എന്ന താക്കീതാണ് താൻ നൽകിയതെന്നും കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ അത് പാർട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്നും പാലോട് രവി പറഞ്ഞിരുന്നു. ശബ്ദരേഖ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ലെന്നും സംഭവത്തിൽ നടപടിയുടെ കാര്യം പാർട്ടി നേതൃത്വവുമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlighs:

dot image
To advertise here,contact us
dot image