ഗോവിന്ദച്ചാമി ജയില്‍ ചാടിയത് 1.15-ന്, പൊലീസ് സംഭവമറിഞ്ഞത് അഞ്ചുമണിക്ക് മതിലില്‍ വടം കണ്ടപ്പോള്‍

പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. തുടര്‍ന്ന് ഇയാള്‍ ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തിയെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്

dot image

കണ്ണൂര്‍: സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിനു പിന്നാലെ ഗുരുതര സുരക്ഷാവീഴ്ച്ച സംബന്ധിച്ച ചോദ്യങ്ങളാണ് ഉയരുന്നത്. അതീവ സുരക്ഷയുളള പത്താം ബ്ലോക്കിലെ സെല്ലില്‍ കഴിഞ്ഞിരുന്ന ഒറ്റക്കൈ മാത്രമുളള ഗോവിന്ദച്ചാമി എങ്ങനെയാണ് കമ്പി മുറിച്ചതെന്നും അതിനുളള ആയുധം എങ്ങനെ ഉദ്യോഗസ്ഥരില്‍ നിന്നും മറച്ചുവെച്ചുവെന്നും ഉള്‍പ്പെടെയുളള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. വൈകുന്നേരം അഞ്ചുമണിയോടെ ജയില്‍പുളളികളെ സെല്ലിനുളളിലാക്കുന്നതാണ് രീതി. ശേഷം പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. തുടര്‍ന്ന് ഇയാള്‍ ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തിയെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. ഇതുവഴി പുറത്തേക്ക് ചാടി.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ജയില്‍ അധികൃതര്‍ മതിലില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ വടം കണ്ടത്. ഇതോടെ ഓരോ സെല്ലുകളായി പരിശോധിച്ചു. ഗോവിന്ദച്ചാമിയാണ് ചാടിപ്പോയതെന്ന് സെല്ലിനടുത്തെത്തിയപ്പോള്‍ മാത്രമാണ് ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞത്. ഗോവിന്ദച്ചാമി ജയില്‍ ചാടി മൂന്നുമണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് അക്കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചു. ആറുമണിയോടെ ജയില്‍ചാട്ടം സ്ഥിരീകരിച്ചു. ഏഴുമണിയോടെ മാത്രമാണ് പൊലീസ് പരിശോധന ആരംഭിച്ചതും കണ്ണൂര്‍ പൊലീസിന് വിവരം കൈമാറിയതും.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പത്തരയോടെ ഗോവിന്ദച്ചാമിയെ കണ്ടെത്തി. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. തുടർന്ന് ഇയാളെ പൊലീസ് കണ്ണൂർ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കി.

Content Highlights: Govindachamy escaped from jail at 1.15 am, the police came to know about it when they saw a rope

dot image
To advertise here,contact us
dot image