
കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നടപടി. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കി.
അല്പസമയം മുൻപാണ് ഗോവിന്ദച്ചാമിയെ തളാപ്പിലെ ഒരു കെട്ടിടത്തിലെ കിണറ്റിൽ നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത്. ഒരു കയ്യില്ലാത്തയാളെ നാട്ടുകാരിലൊരാൾ കണ്ടതും അദ്ദേഹത്തിനുണ്ടായ സംശയവുമാണ് ഗോവിന്ദച്ചാമിയെ പിടികൂടാൻ സഹായകമായത്.
കണ്ണൂർ ബെെപ്പാസ് റോഡിൽ വെച്ചാണ് റോഡിന്‍റെ വലതുവശം ചേർന്ന് ഒരാൾ നടന്നുപോകുന്നതായി കണ്ടത്. തലയിൽ ഒരു ഭാണ്ഡക്കെട്ടുമുണ്ടായിരുന്നു. സംശയം തോന്നിയതോടെ എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ഗോവിന്ദചാമിയെന്ന് വിളിക്കുകയായിരുന്നു. പിന്നാലെ മതിൽചാടി ഓടുകയായിരുന്നുവെന്നാണ് വിവരം.
പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.
Content Highlights: 4 jail officers suspended at govindachamy jailbreak