
തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള വെളിച്ചെണ്ണയ്ക്ക് വില കുറയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഉൽപാദന കേന്ദ്രത്തിൽ വിലകുറക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണക്കിറ്റിൽ കൂടുതൽ വെളിച്ചെണ്ണ ഉൾപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, റേഷൻ സാധനങ്ങൾ വാങ്ങാത്തവരെ പട്ടികയിൽ നിന്നും ഒഴിവാക്കുമെന്ന അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രഗവണ്‍മെന്റിന് അത്തരത്തിലൊരു തീരുമാനമുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്താണെന്നുളളത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ 99% തോളം മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി ആളുകളുടെ നിലപാട് എന്താണെന്ന് സംബന്ധിച്ച് വിവരം കിട്ടിയാല്‍ അതിന് അനുസരിച്ചുളള തീരുമാനം കൈക്കൊള്ളും. വടക്കൻ കേരളത്തിൽ മട്ട അരിക്ക് പകരം പുഴുക്കലരി നൽകുന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നിരുന്നു. കൊപ്ര ക്ഷാമം രൂക്ഷമാണെന്ന് വ്യാപാരികൾ അറിയിച്ചിരുന്നു. ഓണക്കാലത്ത് വെളിച്ചെണ്ണ വില ഉയരാൻ സാധ്യതയുള്ളതിനാൽ ബിപിഎൽ കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് കേരഫെഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ശുപാർശ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുമെന്നും കേരഫെഡ് പറഞ്ഞിരുന്നു.
Content Highlights: Minister GR Anil Says, Coconut Oil Prices Through Supplyco Will Drop During Onam