
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമര്‍പ്പിച്ചതിന് പിന്നാലെ നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം. മുന്‍പ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് താഴെയാണ് അസഭ്യ കമന്റുകൾ നിറയുകയാണ്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കെതിരെ നടൻ മുൻപ് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ നടന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ഇന്നലെയായിരുന്നു വി എസിന് അന്ത്യാഭിവാദ്യവുമായി നടന്‍ രംഗത്തെത്തിയത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തായിരുന്നു വിനായകന്‍ വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി എസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു വിനായകനും ജനകീയ കൂട്ടായ്മയിലെ മറ്റ് അംഗംങ്ങളും വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. കൊമ്രേഡ് വി എസ് അച്യുതാനന്ദന്‍ എന്ന് ഇംഗ്ലീഷിലും കണ്ണേ കരളേ എന്ന് മലയാളത്തിലും എഴുതിയ വിഎസിന്റെ ചിത്രമുള്‍പ്പെടെയുളള ഫ്ളക്സില്‍ ഇവര്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവരികയും സംഭവം വാര്‍ത്തയാകുകയും ചെയ്തതിന് പിന്നാലെയായിരുന്നു വിനായകനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്രമണം.
ഉമ്മന്‍ചാണ്ടി മരണപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കില്‍ വിനായകന്‍ പങ്കുവെച്ച വീഡിയോയിലെ പരാമര്‍ശമായിരുന്നു വിവാദമായത്. 'ആരാണ് ഉമ്മന്‍ ചാണ്ടി. എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ. പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ചാണ്ടി ചത്തു. അതിന് ഞങ്ങള്‍ എന്ത് ചെയ്യണം. എന്റെ അച്ഛന്‍ ചത്തു. നിങ്ങളുടെ അച്ഛനും ചത്തു. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കുണാകരന്റെ കാര്യം നോക്കിയാല്‍ നമുക്കറിയില്ലെ ഇയാള്‍ ആരാണെന്ന്' എന്നായിരുന്നു വിനായകന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്നു. വിനായകനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിനായകനെതിരെ കേസെടുത്തെങ്കിലും ഉമ്മന്‍ചാണ്ടിയുടെ കുടുംബം പിന്തുണച്ചിരുന്നില്ല.
Content Highlights- Cyber attack against vinayakan after he gave tribute to v s achuthanandan