'മതമൗലിക വാദികളേ, നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആ മനുഷ്യന് ഇന്നേവരെ വേണ്ടി വന്നിട്ടില്ല, ഇനിയുള്ള കാലവും'

'ഒരു മനുഷ്യായസ് മുഴുവന്‍ മത തീവ്രവാദികളോട് ഒരു കോമ്പ്രമൈസും ചെയ്യാതെ ഈ നാടിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ആളാണ് വി എസ്'

dot image

കണ്ണൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരായ വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വി എസിനെ മുസ്‌ലിം വിരുദ്ധന്‍ ആക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക സംഘപരിവാറിനോട് രണ്ട് ചോദ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു വി കെ സനോജിന്റെ പ്രതികരണം. മലപ്പുറത്തുകാര്‍ ആകെ തീവ്രവാദികള്‍ എന്ന് വി എസ് പറഞ്ഞോ എന്നും ഈ പറയുന്ന അഭിമുഖം നടത്തിയ അന്നത്തെ മാധ്യമം ലേഖകന്‍ എം സി എ നാസര്‍ അങ്ങനെയില്ല എന്ന കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും വി കെ സനോജ് പറഞ്ഞു.

ഒരു മനുഷ്യായുസ് മുഴുവന്‍ മത തീവ്രവാദികളോട് ഒരു കോമ്പ്രമൈസും ചെയ്യാതെ ഈ നാടിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ആളാണ് വി എസ്. അങ്ങനെ ഒരു മനുഷ്യനെ അന്ത്യനാളുകളില്‍ മത മൗലികവാദിയാക്കാന്‍ ശ്രമിക്കുന്ന മത തീവ്രവാദികളെ നാട് തിരിച്ചറിയുന്നുണ്ടെന്ന് സനോജ് പറഞ്ഞു. മതമൗലിക വാദികളുടെ സര്‍ട്ടിഫിക്കറ്റ് ആ മനുഷ്യന് ഇന്നേവരെ വേണ്ടി വന്നിട്ടില്ലെന്നും ഇനിയുള്ള കാലവും അങ്ങനെ തന്നെയായിരിക്കുമെന്നും വി കെ സനോജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സഖാവ് വി എസിനെ മുസ്‌ലിം വിരുദ്ധന്‍ ആക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക സംഘപരിവാറിനോട് രണ്ട് ചോദ്യങ്ങള്‍

1.മലപ്പുറത്തുകാര്‍ ആകെ തീവ്രവാദികള്‍ എന്ന് സ വി എസ് പറഞ്ഞോ?
വാസ്തവം: ഇല്ല

ഈ പറയുന്ന അഭിമുഖം നടത്തിയ അന്നത്തെ മാധ്യമം ലേഖകന്‍ ആയ ശ്രീ. എം സി എ നാസര്‍ തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. എന്‍ഡിഎഫിനെക്കുറിച്ച് പറഞ്ഞത് മുസ്‌ലിങ്ങള്‍ക്ക് എതിരെ ആകെ പറഞ്ഞു എന്ന് പ്രചരിപ്പിക്കുകയായിരുന്നു ഇസ്‌ലാമിക സംഘപരിവാര്‍. ശ്രീ നാസറിന്റേത് വൈകി വന്ന വിവേകം എന്ന് മാത്രം തല്‍ക്കാലം പറയുന്നു.

2.മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ കോപ്പി അടിച്ചാണ് പരീക്ഷകളില്‍ വിജയിക്കുന്നത് എന്ന് സ വി എസ് പറഞ്ഞോ?
വാസ്തവം: ഇല്ല, 2005 ല്‍ ശ്രീ. നാലകത്ത് സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്ത് എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നടക്കുന്ന സമയത്ത്, മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച അനേകം ചോദ്യങ്ങളില്‍ ഒന്നിനോട് സ വി എസ് നല്‍കിയ ഉത്തരമായ 'ക്രമക്കേട് നടന്നിട്ടുണ്ട് എങ്കില്‍ അതും പരിശോധിക്കണം' എന്ന മറുപടിയെ ആണ് മലപ്പുറത്തെ കുട്ടികള്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കോപ്പി അടിക്കുന്നു എന്ന് സ. വി എസ് പറഞ്ഞതായി ഇസ്‌ലാമിക സംഘപരിവാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്! അല്ല എന്ന് നിങ്ങള്‍ക്ക് തെളിയിക്കാമോ?

ഒരു മനുഷ്യായസ് മുഴുവന്‍ മത തീവ്രവാദികളോട് ഒരു കോമ്പ്രമൈസും ചെയ്യാതെ ഈ നാടിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ഒരു മനുഷ്യനെ അന്ത്യനാളുകളില്‍ മത മൗലികവാദിയാക്കാന്‍ ശ്രമിക്കുന്ന മത തീവ്രവാദികളെ, നിങ്ങളെ ഈ നാട് തിരിച്ചറിയുന്നുണ്ട്. അതിന് തെളിവാണ് ഇന്നലെ മൂന്നര മണി മുതല്‍ ഇന്നീ നിമിഷം വരെ 'കണ്ണേ കരളേ വി എസ്സേ….' എന്ന് ആര്‍ത്ത് വിളിച്ച് നെഞ്ച് പൊട്ടിക്കരയുന്ന ഇന്നാട്ടിലെ ആബാലവ്യദ്ധം ജനം. അത് ഈ നാടിന്റെ പരിച്ഛേദമാണ്. നിങ്ങളെ കൊണ്ട് കൂട്ടിയാല്‍ കൂടുന്നതല്ല. മതമൗലിക വാദികളേ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആ മനുഷ്യന് ഇന്നേ വരെ വേണ്ടി വന്നിട്ടില്ല, ഇനിയുള്ള കാലവും.

Content Highlights- V K Sanoj against hate campaign against v s achuthanandan after his death

dot image
To advertise here,contact us
dot image