
തിരുവനന്തപുരം: കേരള ബിജെപിയുടെ വിവിധ സംസ്ഥാന മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. വി മനു പ്രസാദ് ആണ് യുവമോർച്ചയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാടിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നവ്യ ഹരിദാസ് ആണ് മഹിളാമോർച്ചയുടെ പുതിയ സംസ്ഥാന അധ്യക്ഷ. ഒബിസി മോർച്ച അധ്യക്ഷനായി എം പ്രേമൻ മാസ്റ്റർ, എസ്‌സി മോർച്ച അധ്യക്ഷനായി ഷാജുമോൻ വട്ടേക്കാട്, എസ് ടി അധ്യക്ഷനായി മുകുന്ദൻ പള്ളിയറ, മൈനോറിറ്റി മോർച്ചയുടെ അധ്യക്ഷനായി സുമിത് ജോർജ്, കിസാൻ മോർച്ചയുടെ അധ്യക്ഷനായി ഷാജി രാഘവൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായി യുവനേതാവ് ശ്യാംരാജ് വരുമെന്നായിരുന്നു നേരത്തെയുള്ള വിവരങ്ങൾ. നവ്യ ഹരിദാസിന് തന്നെയായിരുന്നു മഹിളാമോർച്ച അധ്യക്ഷ സാധ്യത കൂടുതൽ. നേരത്തെ, യുവമോർച്ച, മഹിളാ മോർച്ച അധ്യക്ഷ തിരഞ്ഞെടുപ്പിന് അഭിമുഖം വെച്ചത് വലിയ വിവാദമായിരുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരാണ് അഭിമുഖം നടത്തിയത്. ഇതിൽ എതിർപ്പുമായി കെ സുരേന്ദ്രൻ, വി മുരളീധരൻ വിഭാഗം രംഗത്തെത്തിയിരുന്നു.
Content Highlights: Heads for various morchas of bjp announced