വിഎസിന്റെ വിടവാങ്ങലിലൂടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു തലമുറ; കേരള അസോസിയേഷൻ കുവൈത്ത്

വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള അസോസിയേഷൻ കുവൈത്ത്

dot image

കുവൈത്ത്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള അസോസിയേഷൻ കുവൈത്ത്. വി എസ് അച്യുതാനന്ദന്റെ വിടവാങ്ങലിലൂടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു തലമുറയെന്ന് കേരള അസോസിയേഷൻ കുവൈത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

'ചുവപ്പിന്റെ കരുത്തും സമരയൗവനത്തിന്റെ ദീപ്തിയുമായി കേരളത്തിന്റെ വിപ്ലവ ചരിത്രത്തിൽ ജ്വലിച്ചിരുന്ന നേതാവ് വി എസ് അച്യുതാനന്ദന്റെ വിടവാങ്ങലിലൂടെ കേരള രാഷ്ട്രീയത്തിലെ ഒരു തലമുറയാണ് അവസാനിക്കുന്നത്. അധ്വാന ജീവിതത്തിന്റെ കനൽവഴിയിലൂടെ കടന്ന അദ്ദേഹം, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു ജ്വലിക്കുന്ന അധ്യായമായി മാറി'.

'ഐക്യകേരളം രൂപപ്പെട്ടതിനു മുമ്പ് നിന്ന സ്വേച്ഛാധിപത്യമുള്ള ഭരണഘടനയ്ക്കും സാമ്രാജ്യത്വത്തിനും എതിരെ ശക്തമായ പ്രതിഷേധങ്ങൾ അദ്ദേഹം നയിച്ചു. ഐക്യകേരളത്തിന് ശേഷവും ജനകീയസമരങ്ങളിൽ, പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ജനങ്ങളോടൊപ്പം നിന്ന അദ്ദേഹത്തിന്റെ ഇടപെടലുകൾ പൊതുജനങ്ങൾക്കിടയിൽ ഇന്നും ശക്തമായി അനുഭവപ്പെടുന്നു. സഖാവ് വിഎസിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിനും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയാവബോധത്തിനും ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ് സൃഷ്ടിക്കുന്നതെ'ന്നും കേരള അസോസിയേഷൻ കുവൈത്ത് പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ കുറിക്കുന്നു.

ഇന്നലെ ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Kerala Association kuwait Condolences For VS Achuthanandan

dot image
To advertise here,contact us
dot image