
ഇടതിന്റെ കോട്ട, മത്സരിക്കുന്നത് എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നിട്ടും മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദന് നേരിടേണ്ടി വന്നത് പരാജയമായിരുന്നു. 1996ല്‍ മാരാരിക്കുളത്ത് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വരെ ഞെട്ടിയത് വിഎസ് തോല്‍വി അറിഞ്ഞാണ്. മാരാരിക്കുളത്ത് ഒരിക്കലും തോല്‍ക്കേണ്ടിയിരുന്ന ആളായിരുന്നില്ല വിഎസ്, ഒരിക്കലും കോണ്‍ഗ്രസിന് ജയിക്കാനുമാവുമായിരുന്നില്ല, എന്നാല്‍ അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പി ജെ ഫ്രാന്‍സിസ് ജയിക്കാനുണ്ടായ കാരണം ഒരു വിഭാഗം സിപിഎമ്മുകാര്‍ക്ക് അച്യുതാനന്ദനോടുള്ള കടുത്ത വിരോധമായിരുന്നു.
1996 മെയ് മാസത്തിലെ ഒരു ചൂടുള്ള വൈകുന്നേരം. മാരാരിക്കുളത്തെ വിഎസിന്റെ തോല്‍വിയില്‍ വീട്ടിലെല്ലാവരും ഞെട്ടിയിരിക്കുകയായിരുന്നു. തിരക്കുകള്‍ക്കും ബഹളങ്ങള്‍ക്കും ഇടയില്‍ വോട്ടണ്ണലിന് ശേഷം സ്ഥാനാര്‍ത്ഥിയുടെ ഒപ്പുമിട്ട് കൂളായി വിഎസ് വീട്ടിലേക്ക് മടങ്ങി വന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉറക്കം ശരിയായി നടക്കാതെ ക്ഷീണിതനായി കാണപ്പെട്ട വിഎസ് വീട്ടിലെത്തിയ ഉടനെ ഒരു മണിക്കൂര്‍ കിടന്നുറങ്ങി. പിന്നീട് പത്രക്കാര്‍ വന്നപ്പോള്‍ അവരോട് സംസാരിച്ചു. കാറില്‍ കയറി കമ്മിറ്റിക്കായി തിരുവനന്തപുരത്തേക്ക് പോയി. ഒരിക്കലും തോല്‍ക്കാന്‍ ഇടയില്ലാത്ത തിരഞ്ഞെടുപ്പില്‍ പരാജയത്തെ നേരിട്ടിട്ടും ആ സാഹചര്യങ്ങളെ ഇത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്തിരുന്നു വി എസ് എന്ന വിശ്രമമില്ലാത്ത നേതാവ്.
അന്ന് ഒരു വിഭാഗം പാര്‍ട്ടിക്കാരും, നാട്ടുകാരും വിഎസിന് എതിരെ തിരിഞ്ഞ കാലമായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലടക്കം കോണ്‍ഗ്രസുകാര്‍ വോട്ട് ചോദിച്ച് ചെല്ലുമ്പോള്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്ന സാഹചര്യമായിരുന്നു അവിടെ, എന്നാല്‍ 1996ലെ തിരഞ്ഞെടുപ്പ് സമയത്ത് സ്ത്രീകള്‍ പോലും വിഎസിന് എതിരെ തിരിഞ്ഞ് കോണ്‍ഗ്രസിനെ അനുകൂലിച്ചു. 1965 വോട്ടിനാണ് പി.ജെ ഫ്രാന്‍സിസ് വി. എസിനെ പരാജയപ്പെടുത്തിയത്. ആരും ആരും പ്രതീക്ഷിക്കാത്ത അട്ടിമറി ജയമായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായത്. സിപിഎം പാര്‍ട്ടി വിജയിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിഎസ് അച്യുതാനന്ദന്‍ തോറ്റു.
അന്ന് തിരഞ്ഞെടുപ്പ് കാലത്ത് കെ ആര്‍ ഗൗരിയമ്മ പാര്‍ട്ടി വിട്ട പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കില്‍ പോലും മാരാരിക്കുളം എന്ന സിപിഎം കോട്ടയില്‍ എന്തെങ്കിലും അട്ടിമറി നടക്കുമെന്ന് യുഡിഎഫ് പോലും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ ഡിസിസി പക്ഷക്കാരനായിരുന്ന പിജെ ഫ്രാന്‍സിസിനെ മാരാരിക്കുളത്ത് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പിജെ ഫ്രാന്‍സിസിന്റെ ജന്മനാട് കൂടിയായിരുന്നു മാരാക്കുളം. എന്നാല്‍ ഊഹാപോഹങ്ങളും, മുന്‍വിധികളുമെല്ലാം തിരുത്തിക്കൊണ്ട് 1965 വോട്ടുകള്‍ക്ക് വിഎസിനെ പരാജയപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് വിജയിച്ചു. മാരാരിക്കുളത്തുകാര്‍ വിഎസിനെ തോല്‍പ്പിച്ച 1965 എന്ന അക്കത്തിന് ആകസ്മികമായ മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. 1965ലാണ് വിഎസ് ആദ്യമായി തിരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുന്നത്. എന്നാല്‍ അന്നത്തെ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് കൃഷ്ണക്കുറുപ്പിനോട് തോറ്റതുപോലെയായിരുന്നില്ല മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറമുള്ള വിഎസിന്റെ മാരാരിക്കുളത്തെ തോല്‍വി.
പാര്‍ട്ടി വോട്ടുകള്‍ മറിയാതെ വിഎസിനെ പോലൊരു നേതാവ് ഒരിക്കലും മാരാരിക്കുളത്ത് തോല്‍ക്കുമായിരുന്നില്ല. എതിര്‍ സ്ഥാനാര്‍ത്ഥിയുടെയോ, എതിര്‍ പാര്‍ട്ടിയുടെയോ ഏതെങ്കിലും തരത്തിലുള്ള മികവായിരുന്നില്ല വിഎസിന്റെ പരാജയത്തിന് പിന്നില്‍, മറിച്ച് പാര്‍ട്ടിക്കത്ത് നിന്നു തന്നെയുള്ള ഉള്‍ച്ചേരി പ്രശ്‌നങ്ങളായിരുന്നു. പരാജയത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്ന ടി കെ പളനിക്കെതിരെ വിഎസ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി. അന്ന് ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി ഭാസ്‌കരനെതിരെയും വിഎസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതോടെ പാര്‍ട്ടി പരാജയത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ അന്വേഷണത്തില്‍ പാര്‍ട്ടിക്കകത്തെ വിഭാഗീയതയാണ് പരാജയത്തിന് കാരണമെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ ടികെ പളനിയെയും സികെ ഭാസ്‌കരനെയും സിപിഐഎം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.
വിഎസിന്റെ പരാജയത്തിന്റെ കാരണം ഒരിക്കലും പാര്‍ട്ടിക്കകത്തെ വിഭാഗീയതയല്ലെന്ന് മരണം വരം ടികെ പളനി വാദിച്ചിരുന്നു. ഗൗരിയമ്മ പാര്‍ട്ടി വിട്ട സാഹചര്യവും, ഗൗരിയമ്മയ്ക്ക് മാരാരിക്കുളത്തുണ്ടായിരുന്ന സ്വാധീനവും മനസിലാക്കാന്‍ വിഎസിന് കഴിഞ്ഞില്ലെന്നാണ് പളനി പറഞ്ഞിരുന്നത്. എന്തായാലും പിന്നീട് ദീര്‍ഘകാലത്തേക്ക് സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു വിഎസ് അച്യുതാനന്ദന്റെ മാരാരിക്കുളത്തെ തിരഞ്ഞെടുപ്പ് പരാജയവും, അതോടനുബന്ധിച്ച് ഉണ്ടായ സംഭവവികാസങ്ങളും.
Content Highlights: Mararikulam Verdict: How Party Factionalism Cost VS Achuthanandan the Election