
'യുക്തിവാ.. ദം; അത് തലയില്‍ .. വെളിച്ചം കേറുന്നതിന്റെ ലക്ഷണമാ .. ണ്'
തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വി എസ് നീട്ടിവലിച്ച് പറഞ്ഞ ഈ വാചകം എനിക്ക് ഓര്‍മ്മയില്‍ മാഞ്ഞു പോവുകയില്ല. കാരണം അത് എന്നെയും ടീച്ചറേയും കുറിച്ചായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളെ മതതീവ്രവാദികള്‍ ആക്രമിച്ചതിനെ തുടര്‍ന്നുള്ള വാര്‍ത്തകളും വിവാദങ്ങളും മാദ്ധധ്യമങ്ങളില് നിറഞ്ഞ വേളയില്‍ മലപ്പുറത്ത് ഒരു പാര്‍ട്ടി റാലിക്കെത്തിയ വി എസ് തന്റെ പ്രസംഗത്തില്‍ അന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിവരിക്കുന്നതിനിടെ ആ അക്രമസംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞ ഒരു വാചകമായിരുന്നു അത്.
വി എസിന്റെ സമര പോരാട്ടങ്ങളില്‍ വിജയം കൈവരിച്ച മറ്റൊരു സംഭവം കൂടി ഓര്‍ക്കുന്നു. വി എസ് എന്റെ നാട്ടില്‍ ഞങ്ങളുടെ വീടിന് തൊട്ടടുത്തുള്ള പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്നു കുപ്പായം ഊരി അമ്പലത്തില്‍ കയറി. (അതാണ് ചിത്രത്തില്‍). അന്ന് മനോരമ പത്രം ഇത് വാര്‍ത്തയാക്കി. ഉടനെ മറ്റ് പത്രങ്ങളും ആ പൈങ്കിളി ഏറ്റുപിടിച്ച് വിവാദമാക്കി. കമ്യൂണിസ്റ്റ് നേതാവ് ആചാരപ്രകാരം അമ്പലത്തില്‍ കേറി എന്ന വാര്‍ത്തക്കും വിവാദത്തിനും പക്ഷേ ആയുസ്സുണ്ടായില്ല.
വിഎസ് പന്തലൂരമ്പലത്തില്‍ എത്തിയത് കുപ്പായമൂരി തൊഴാനായിരുന്നില്ല. മനോരമ പ്ലാന്റേഷന്‍സ് എന്ന വല്യമ്പിരാന്റെ ഭൂമി കയ്യേറ്റത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അദ്ദേഹം ആ ക്ഷേത്രപരിസരത്ത് വന്നത്. 90 കൊല്ലത്തേക്ക് മനോരമ പന്തലൂര്‍ ക്ഷേത്ര ദേവസ്വത്തില്‍ നിന്ന് ലീസിനെടുത്ത 100 ഏക്കറിലധികം വരുന്ന പന്തലൂര്‍ മലയിലെ കൃഷി ഭൂമി 100 വര്‍ഷം കഴിഞ്ഞിട്ടും തിരികെ നല്‍കാതെ അനധികൃതമായും നിയമവിരുദ്ധമായും കയ്യില്‍ വെച്ചിരിക്കുന്നതിനെതിരെ ഉള്ള നിയമപ്പോരാട്ടത്തിന്റെ ഭാഗമായാണൂ അന്ന് അദ്ദേഹം അവിടെ എത്തിയത്. ഇക്കാര്യം മറച്ചു പിടിക്കാനായി മനോരമ നെയ്ത പൈങ്കിളിക്കഥയായിരുന്നു വി എസിന്റെ 'ക്ഷേത്രപ്രവേശനം'. ആ പോരാട്ടം വിജയിച്ചു. ഇന്ന് ആ ഭൂമി ക്ഷേത്രത്തിന്റെ കയ്യിലായി.
വിട സഖാവേ !
Content Highlights: e p jabbar about v s achuthanandan