ജനപക്ഷത്തെ അടയാളപ്പെടുത്തിയ വി എസ്; പോരാട്ടമുഖത്തെ ഒറ്റയാൻ

വിഎസ് എന്നതിനെ വിഎസാണ് ശരി എന്ന നിലയിലേയ്ക്ക് കേരളം വായിച്ച് തുടങ്ങിയ കാലം മുതൽ കേരളത്തിലെ എല്ലാ ജനകീയ വിഷയങ്ങളുടെയും ഹൃദയസ്പന്ദനമായി വി എസ് മാറുകയായിരുന്നു.

dot image

"രാജയം ഭക്ഷിച്ചു ജീവിക്കുന്നയാൾ" എന്നായിരുന്നു എം എൻ വിജയൻ മാഷ് വി എസ് അച്ചുതാനന്ദനെ വിശേഷിപ്പിച്ചത്. ജീവിതത്തിൽ ഉടനീളം വി എസ് എടുത്ത നിലപാടുകളുടെ ആകെ തുകയായി ഈ വിശേഷണം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും. പാ‍ർട്ടിക്കുള്ളിലായാലും പുറത്തായാലും വിഎസ് ഏറ്റെടുത്ത വിഷയങ്ങളിൽ ഭൂരിപക്ഷത്തിൻ്റെയും അവസാനം കേവലമായ അർത്ഥത്തിൽ പരാജയങ്ങളായി തന്നെയാവും വിലയിരുത്തപ്പെടുക. എന്നാൽ ഈ വിഷയങ്ങളിലെല്ലാം വി എസ് എടുത്ത നിലപാടുകളും കാർക്കശ്യബുദ്ധിയും കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹ്യ-പാരിസ്ഥിതിക മണ്ഡലങ്ങളിൽ ഉണ്ടാക്കിയ തുടർചലനങ്ങളും ഇന്നും ബാക്കിയാണ്.

വി എസ് എന്നതിനെ വിഎസാണ് ശരി എന്ന നിലയിലേയ്ക്ക് കേരളം വായിച്ച് തുടങ്ങിയ കാലം മുതൽ കേരളത്തിലെ എല്ലാ ജനകീയ വിഷയങ്ങളുടെയും ഹൃദയസ്പന്ദനമായി വി എസ് മാറുകയായിരുന്നു. ആ സ്പന്ദനങ്ങളിലൊന്നും ഒരു രാഷ്ട്രീയ പക്ഷമുണ്ടായിരുന്നില്ല, മറിച്ച് ഏറ്റവും ജൈവികമായ ഒരു ജനപക്ഷമുണ്ടായിരുന്നു. ആ ജനപക്ഷ നിലപാടിലൂടെ തൻ്റെ രാഷ്ട്രീയ പക്ഷത്തെ ജനകീയമാക്കാൻ വി എസിന് സാധിച്ചിരുന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് 2011ൽ സീറ്റ് നിഷേധിച്ചപ്പോഴും ആഞ്ഞടിച്ച വി എസ് തരംഗം എന്ന ആ പ്രതിഭാസത്തിൻ്റെ കരുത്തും ഇത് തന്നെയായിരുന്നു.

നെൽവയൽ സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന, വെട്ടിനിരത്തൽ എന്ന പേരിൽ എതിരാളികൾ പരിഹാസ്യപൂർവ്വം വിശേഷിപ്പിച്ച സമരത്തിലൂടെ 1996ലാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ ഇടങ്ങളിലേയ്ക്ക് പരിസ്ഥിതി രാഷ്ട്രീയത്തെ കണ്ണിചേർക്കാനുള്ള വി എസിൻ്റെ ആദ്യനീക്കം ഉണ്ടാകുന്നത്. സിപിഐഎമ്മിൻ്റെ പാർട്ടി വിഭാഗയതീയുമായി ബന്ധപ്പെടുത്തി കേരളത്തിൻ്റെ ഏറ്റവും ​ഗൗരവമുള്ള ഒരു പാരിസ്ഥിതിക വിഷയത്തെ വെട്ടിനിരത്തൽ എന്ന പേരിൽ പരിഹസിച്ചപ്പോഴും വിഎസ് കുലുങ്ങിയില്ല. ഒരു ദശകത്തിനിപ്പുറം മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തിയപ്പോൾ നെൽവയ‍ൽ തണ്ണീ‍ർത്തട സംരക്ഷ നിയമത്തിലൂടെ വിഎസ് പരിസ്ഥിതി രാഷ്ട്രീയത്തോടുള്ള തൻ്റെ പ്രതിബദ്ധതയ്ക്ക് അടിവരയിട്ടു.

പിന്നീട് പ്ലാച്ചിമട സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിഎസ് രം​ഗത്തെത്തുമ്പോൾ വി എസിൻ്റെ പക്ഷം ജനപക്ഷമായിരുന്നു. വിഷയത്തിൽ ഇടതുപക്ഷത്തിന് എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കിൽ ജനപക്ഷത്തിനൊപ്പം അണിനിരന്ന് അത് തിരുത്തേണ്ടതുണ്ട് എന്ന് കൂടി വി എസ് പറയാതെ പറഞ്ഞു. 2001ൽ പ്രതിപക്ഷ നേതാവായിരിക്കെ കേരളത്തിൻ്റെ സമരയൗവ്വനത്തിൻ്റെ പ്രതീകമായി വി എസ് മാറി. പ്രതിപക്ഷ നേതാവ് ജനങ്ങളുടെ ശബ്ദമായി മാറണമെന്നും ഭരണകൂടത്തിനെ ചൂണ്ടുവിരലിൽ നിർത്തുന്ന തിരുത്തൽ ശക്തിയായി മാറണമെന്നും വി എസ് രാഷ്ട്രീയ കേരളത്തെ ബോധ്യപ്പെടുത്തി. കേരളത്തെ സംബന്ധിച്ച് ഭരണപക്ഷത്തെ ജനപക്ഷത്ത് നിന്ന് ചൂണ്ടുവിരലിൽ നി‍ർത്തിയ മറ്റൊരു പ്രതിപക്ഷ നേതാവില്ല, വി എസ് അല്ലാതെ. അതുപോലെ മറ്റൊരാൾ ഇനി ഉണ്ടായേക്കാനും ഇടയില്ല.

2001-2006 കാലയവിൽ പ്രതിപക്ഷ നേതാവായിരിക്കെ വി എസ് ഏറ്റെടുത്ത വിഷയങ്ങൾ അതിൻ്റെ സ്വീകാര്യത കൊണ്ടും ​ഗൗരവം കൊണ്ടും വളരെയേറെ പ്രധാനമായിരുന്നു. വൻകിടക്കാരുടെ ഭൂമി കയ്യേറ്റം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ, അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വ്യത്യസ്തങ്ങളായ മനുഷ്യാവകാശ പ്രശ്നങ്ങൾ എന്നിവയിലെല്ലാം ജനപക്ഷം മാത്രം നോക്കി വിഎസ് ഇടപെട്ടു. ഏലമലയിലെ മതികെട്ടാൻ മേഖലയിലെ സംഘടിതമായ കയ്യേറ്റ വിഷയങ്ങൾ ഉയ‍‍ർന്ന് വന്നപ്പോൾ വി എസ് 78-ാം വയസ്സിൽ മതികെട്ടാൻ മലകയറി. വി എസിനൊപ്പം കേരളവും മതികെട്ടാനിലെ ജനപക്ഷമായി അണിചേ‍ർന്നു. മതികെട്ടാനിലെ 12.82 ചതുരശ്ര കിലോമീറ്റർ വനം ഒരു നാഷണൽ പാർക്കായി സംരക്ഷിക്കാൻ 2003ൽ ആൻ്റണി സർക്കാരിന് തീരുമാനിക്കേണ്ടി വന്നു.

പൂയംകുട്ടി മേഖലയിലെ കയ്യേറ്റങ്ങളും കമ്പക്കല്ല് മലയിലെ കഞ്ചാവ് തോട്ടങ്ങളും വിഎസ് നേരിട്ടെത്തി കണ്ടു. കോഴിക്കോട്ടെ കാവിലുംപാറയിലും മണ്ണാർക്കാട്ടെ കാക്കിവാണി വനത്തിലും മന്ദൻപൊട്ടിയിലുമെല്ലാം കേസുകൾ നടത്തുന്നതിൽ വീഴ്ച വരുത്തി ഏക്കർ കണക്കിന് നിക്ഷിപ്ത വനഭൂമി നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോൾ ആ വിഷയം ഏറ്റെടുക്കാനും വിഎസ് ഉണ്ടായിരുന്നു. പൊന്മുടിയിലെ മെർക്കിസ്റ്റൺ എസ്റ്റേറ്റിലെ ഭൂമി വിൽപ്പന അടക്കം അന്യായങ്ങളെയെല്ലാം വി എസ് ചോദ്യം ചെയ്തു. എൻഡോസൾഫാൻ വിഷയത്തിൽ വിഎസ് നടത്തിയ ഇടപെടൽ വിഷയത്തെ മുഖ്യധാരാ ഇടങ്ങളിലെ പ്രധാന ചർച്ചാ വിഷയമാക്കി.

അഴിമതിക്കെതിരായ വിഎസിൻ്റെ പോരാട്ടവീര്യവും കേരളം കണ്ടു. ഇടമലയാർ കേസിൽ ബാലകൃണപിള്ളയ്ക്ക് ജയിൽശിക്ഷ വാങ്ങി നൽകുന്നത് വരെ ഒരു സന്ധിചെയ്യലിനും വിഎസ് തയ്യാറായില്ല. പാമോയിൽ കേസിലും വി എസ് വിട്ടുവീഴ്ചയില്ലാതെ പോരാടി. തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കരുണാകരൻ്റെ ഡിഐസിയെ ഇടതുമുന്നണിയിലെത്തിക്കാതിരിക്കാൻ വി എസ് നടത്തിയ ഉൾപാർട്ടി പോരാട്ടത്തിന് പാമോലിൻ കേസിൻ്റെ പേരിലുള്ള ധാർമ്മിക നിലപാടിൻ്റെ കരുത്തുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ ലോട്ടറി അഴിമതിയെന്ന ഭൂതത്തെ കുടും തുറന്ന് പുറത്തിട്ടത് വിഎസ് ആയിരുന്നു. നിയമസഭയിൽ ലോട്ടറി അഴിമതി സംബന്ധിച്ച് വിഎസ് നടത്തിയ പ്രസംഗം പുതിയ നിയമസഭാ സാമജികരെ സംബന്ധിച്ച് മികച്ചൊരു സ്റ്റഡി മെറ്റീരിയലാണ്.

സൂര്യനെല്ലി, കിളിരൂർ, ഐസ്ക്രീം പാർലർ കേസുകളിൽ വി എസ് ഇടപെട്ടത് സ്ത്രീപക്ഷ രാഷ്ട്രീയം വാക്കിലല്ല പ്രവർത്തിയിലുമുണ്ടെന്ന് തെളിയിച്ചു കൊണ്ടായിരുന്നു. 2011ൽ നേരിയ സീറ്റുകളുടെ വ്യത്യാസത്തിൽ അധികാരം നഷ്ടമായിരുന്നില്ലെങ്കിൽ സ്ത്രീപീഢകരെ കയ്യാമം വെച്ച് നടത്തിക്കും എന്ന ശക്തമായ പ്രഖ്യാപനം ഐസ്ക്രീം പാർലർ കേസിൽ വിഎസ് പാലിക്കുമായിരുന്നു എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇന്നും കേരളത്തിലുണ്ട്. മുത്തങ്ങയിൽ ഭൂസമരം നടത്തിയ ആദിവാസികൾക്ക് നേരെ പൊലീസ് നിറയൊഴിക്കുകയും അതിക്രമം അഴിച്ച് വിടുകയും ചെയ്ത സംഭവത്തിൽ അതിശക്തമായിരുന്നു വി എസിൻ്റെ പ്രതികരണം.

2006ൽ മുഖ്യമന്ത്രി ആയിരിക്കെ ഏറ്റെടുത്ത വിഷയങ്ങളെ സത്യസന്ധമായി അഭിസംബോധന ചെയ്യാൻ എല്ലാ സമ്മർദ്ദങ്ങൾക്കിടയിലും വിഎസ് തയ്യാറായി എന്നതും എടുത്ത് പറയേണ്ടതാണ്. പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച ലോട്മുടറി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയായിരിക്കെ വിഎസ് സ്വീകരിച്ച നിലപാടുകളും ശ്രദ്ധേേയമായിരുന്നു. അന്യസംസ്ഥാന ലോട്ടറി മാഫിയയ്ക്കെതിരെ മുഖ്യമന്ത്രി ആയിരിക്കെ വി എസ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നീട് അന്യസംസ്ഥാന ലോട്ടറി മാഫിയയെ കേരളത്തിൽ നിന്ന് കെട്ടുകെട്ടിക്കുന്നതിന് നിമിത്തമായത് വിഎസിൻ്റെ ഇടപെടലായിരുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൻ്റെ കാര്യത്തിലായാലും ഐസ്ക്രീം പാർലർ കേസിൻ്റെ വിഷയത്തിലായാലും ഏറ്റെടുത്ത അതേ പ്രാധാന്യത്തോടെ അധികാരത്തിൻ്റെ സാധ്യതകളെ വി എസ് ഉപയോഗിച്ചു.

'മുഖ്യമന്ത്രിയാരിക്കെ എൻഡോസൾഫാൻ പാക്കേജുകൾക്ക് തുടക്കം കുറിച്ച വിഎസ് രാജ്യവ്യാപകമായി എൻഡോസൾഫാൻ നിരോധിക്കാൻ തലസ്ഥാനത്ത് നടന്ന നിരാഹാര സമരത്തിലും നേതൃമുഖത്തുണ്ടായിരുന്നു. കണ്ണൻ ദേവൻ മലനിരകളിലെ 1066 ഏക്കർ ഷോലക്കാടുകളും പുൽമേടുകളും വനം വകുപ്പിന്റെ സംരക്ഷണയിൽ കൊണ്ടുവരാനുള്ള തീരുമാനമെടുത്തതും വിഎസ് മുഖ്യമന്ത്രി ആയിരിക്കെ ആയിരുന്നു. മുന്നണിയിലെയും പാർട്ടിയിലെയും എതിർപ്പുകളെ അവഗണിച്ച് പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതിയെന്ന മാവോയുടെ വാക്കുകൾ ഏറ്റുപറഞ്ഞ് മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വി എസ് കാണിച്ച ആർജ്ജവം കേരളത്തിൽ ഒരു ഭരണാധികാരിക്കും ഇനി ആവർത്തിക്കാനുള്ള ചങ്കുറപ്പ് ഉണ്ടായേക്കില്ല. അന്ന് വി എസ് നടത്തിയ ആ നീക്കം ഇന്നും മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്ക് മുകളിൽ പതിപ്പിച്ച ഏറ്റവും ശക്തമായ നിയമപരമായ അടയാളപ്പെടുത്തലായി ബാക്കിയാണ്. മുത്തങ്ങ സമരത്തിൽ വെടിയേറ്റ് മരിച്ച ജോഗിയുടെ മകൾക്ക് സർക്കാർ ജോലി നൽകിയതും വി എസ് മുഖ്യമന്ത്രി ആയിരിക്കെയായിരുന്നു.

ഏറ്റെടുത്ത വിഷയങ്ങോട് അത് പാർട്ടിക്കുള്ളിലായാലും പുറത്തായാലും വി എസ് എത്രമാത്രം സത്യസന്ധത കാണിച്ചുവെന്നതിന് കാലം പിന്നെയും ഒരുപാട് ചിത്രങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ കോഴിക്കോടെത്തി ചന്ദ്രശേഖരന് അന്ത്യാഭിവാദ്യം അർപ്പിച്ച വിഎസിനെ നമ്മൾ കണ്ടതാണ്. കുലംകുത്തിയെന്ന് പാർട്ടി നേതൃത്വം മുദ്രകുത്തിയ ടി പിയെ, "ചന്ദ്രശേഖരൻ ധീരനായ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു* എന്നാണ് വിഎസ് വിശേഷിപ്പിച്ചത്. തലയ്ക്ക് മുകളിൽ തൂങ്ങിയിരുന്ന അച്ചടക്കത്തിൻ്റെ പടവാളിനെ വിഎസ് തെല്ലും കൂസിയില്ല. തൻ്റെ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിച്ച് വി എസ് മടങ്ങി. പിന്നീട് നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൻ്റെ അന്ന് വി എസ് വടകരയിലെ ടിപിയുടെ വീട്ടിലെത്തി. കെ കെ രമയെ കാണാനെത്തി ചേർത്ത് പിടിച്ച വിഎസിൻ്റെ ചിത്രം രാഷ്ട്രീയ കേരളത്തിന് മറക്കാൻ കഴിയുന്നതല്ല.

വിഎസ് ജനപക്ഷത്താണെന്ന് കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും കൃത്യമായി അടയാളപ്പെടുത്തിയിരുന്നു എന്നത് പലവട്ടം തെളിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും പ്രവേശനം നിഷേധിക്കപ്പെട്ട മൂന്നാറിലെ 'പെമ്പിളൈ ഒരുമ' സമരത്തിൽ വി എസിന് സ്വീകാര്യതയുടെ ഒരു കസേര സമരക്കാർ നൽകിയിരുന്നു. വി എസിൻ്റെ ജൈവികമായ ജനകീയത അടയാളപ്പെടുത്തിയതായിരുന്നു ആ കസേര. ഓഖി സമയത്ത് പാർട്ടി നേതൃത്വത്തെ തടഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് ഇടയിലേയ്ക്ക് വിഎസ് എത്തിയപ്പോൾ ഒരുപ്രതിഷേധവും ഉണ്ടായില്ല. പൂന്തുറയിലും വിഎസിന് ജനങ്ങളുടെ ഇടയിൽ ഒരു കസേരയുണ്ടായിരുന്നു. ആ ഇരിപ്പിടത്തിൽ ഇരുന്ന വിഎസ് ജനങ്ങളുടെ ആകുലതകളും സങ്കടങ്ങളും കേട്ടു. പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രി ആയിരിക്കുമ്പോഴും പാർട്ടി നേതാവായിരിക്കുമ്പോഴും ജനങ്ങളുമായി ജൈവിക ബന്ധം സൂക്ഷിക്കാനും പോരാട്ടങ്ങളുടെ തീക്കനൽ നൊഞ്ചോട് ചേർത്ത് പിടിക്കാനും അത് പിന്നീട് ആളിപ്പടർത്താനും വി എസിനോളം ശേഷിയുള്ള മറ്റൊരു നേതാവിനെ കേരളം കണ്ടിട്ടില്ല. ഒരുകാലഘട്ടത്തിൻ്റെ ചരിത്രത്തിൽ രണ്ടക്ഷരം കൊണ്ട് ജനകീയമായ ഒരു ഇരിപ്പിടം സ്വന്തമാക്കി ഉണ്ടാക്കിയെടുത്ത അപൂർവ്വം കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായി വി എസ് എക്കാലവും അടയാളപ്പെടുത്തപ്പെടുത്തപ്പെടും. പരാജയം ഭക്ഷിച്ച് ജീവിച്ചുവെന്ന് വിലയിരുത്തപ്പെടുമ്പോഴും വലിയ വിജയങ്ങളെക്കാൾ അവിസ്മരണീയമായിരുന്നു വിഎസിൻ്റെ പരാജപ്പെട്ടുവെന്ന് അടയാളപ്പെടുത്തപ്പെട്ട ഇടപെടലുകൾ.

Content Highlights: People's Side, VS's Side: A Commitment to the Cause, VS Achuthanandan the comrade

dot image
To advertise here,contact us
dot image