'ഗില്ലിനെയും രാഹുലിനെയും പിന്തുണച്ചിരുന്നില്ലേ, കരുണ്‍ എന്ത് കുറ്റമാണ് ചെയ്തത്?'; ഹര്‍ഭജന്‍ സിങ്‌

കരുണ്‍ നായര്‍ ഇനിയും അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നാണ് ഹര്‍ഭജന്‍ സിങിന്റെ അഭിപ്രായം

dot image

ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായരെ പിന്തുണച്ച് മുൻ സ്പിന്നർ ഹർഭജൻ സിങ്. എട്ടുവർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ കരുണിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയാത്തതിന്റെ പേരില്‍ കരുൺ‌ ഏറെ വിമര്‍ശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ഹർഭജന്റെ പ്രതികരണം.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വലിയൊരു ഗ്യാപ്പിനു ശേഷം തിരിച്ചുവിളിക്കപ്പെട്ട കരുണ്‍ നായര്‍ ഇനിയും അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നാണ് ഹര്‍ഭജന്‍ സിങിന്റെ അഭിപ്രായം. ടീമിലെ മറ്റു മുന്‍നിര കളിക്കാരെ പോലെ കരുണിനും കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും ഹര്‍ഭജന്‍ ആവശ്യപ്പെട്ടു. നിലവിലെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലിനും ബിസിസിഐ തുടർച്ചയായ അവസരങ്ങൾ നൽകിയ സന്ദർഭങ്ങളും ഹർഭജൻ ചൂണ്ടിക്കാട്ടി.

അതെ, കരുണ്‍ നായര്‍ പ്രതീക്ഷിച്ചതു പോലെ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടില്ലെന്നതു ശരിയാണ്. പക്ഷെ നിങ്ങള്‍ അദ്ദേഹത്തിനു അവസരം നല്‍കിയിട്ടുണ്ടെങ്കില്‍ കുറച്ചു സമയത്തേക്കു ഉറച്ചു നില്‍ക്കുക തന്നെ വേണം. എല്ലാ താരങ്ങളും ന്യായമായ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ശുഭ്മന്‍ ഗില്ലും കെഎല്‍ രാഹുലുമെല്ലാം നേരത്തേ അര്‍ഹിച്ചതു പോലെ ഇപ്പോള്‍ അത് അര്‍ഹിക്കുന്നത് കരുണാണ്, സ്വന്തം യൂട്യൂബ് ചാനലില്‍ ഹർഭജൻ തുറന്നുപറഞ്ഞു.

ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇതിനകം നടന്ന മൂന്ന് ടെസ്റ്റുകളിലും കരുണ്‍ ടീമിന്റെ ഭാഗമായിരുന്നു. ആദ്യ ടെസ്റ്റില്‍ ആറാമനായും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ മൂന്നാം നമ്പറിലുമാണ് അദ്ദേഹം ബാറ്റ് ചെയ്തത്. എന്നാൽ‌ ഒരു അർധ സെഞ്ച്വറി പോലും കരുണിന് നേടാനായിട്ടില്ല. ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിച്ച ശേഷം 20-30 റണ്‍സിനിടെ അദ്ദേഹം വിക്കറ്റ് കൈവിടുകയായിരുന്നു. 0, 20, 31, 26, 40, 14 എന്നിങ്ങനെയാണ് കരുണിന്റെ സ്‌കോറുകള്‍.

22ല്‍ താഴെ ശരാശരിയില്‍ ആറിന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 131 റണ്‍സാണ്. ഇതോടെ മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റില്‍ കരുണിനെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇതിനിടെയാണ് കരുണിന് ശക്തമായ പിന്തുണയറിയിച്ച് ഹർഭജൻ സിങ് രംഗത്തെത്തിയത്.

Content Highlights: ‘What crime has Karun Nair committed?’ Harbhajan Singh hits out at critics

dot image
To advertise here,contact us
dot image