
കൊച്ചു കുട്ടികളുടെ അച്ചുമാമ കൂടിയായിരുന്നു വി.എസ്. എന്തായിരുന്നു ആ ട്രെന്‍ഡിന് കാരണമെന്നും എനിക്കറിയില്ല. പക്ഷേ അക്കാലത്തത് വലിയ ട്രെന്‍ഡ് ആയിരുന്നു. വളരെ ചെറിയ കുട്ടിയായിരുന്നു ഗൗരി കുട്ടി പോലും വിഎസിന്റെ കടുത്ത ആരാധികയായിരുന്നു. സെക്രട്ടറിയേറ്റ് മീറ്റിങ്ങുകള്‍ക്ക് പോകുമ്പോഴെല്ലാം അച്ചുമാമയെ കാണാന്‍ എന്നെയും കൊണ്ടുപോകണെ എന്ന് പറയും. എന്റെ അമ്മയാണോ അച്ഛനാണോ അത്തരത്തില്‍ ഒരു അച്ചുമാമ കണ്‍സ്ട്ര അവള്‍ക്ക് ഉണ്ടാക്കിക്കൊടുത്തത് എന്ന് എനിക്കറിയില്ല.
വനാവകാശ നിയമത്തിന്റെ മീറ്റിങ്ങുകള്‍ കാരണം പലപ്പോഴും സെക്രട്ടറിയേറ്റില്‍ പോകേണ്ടി വന്നു. കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്ത സമയങ്ങളില്‍ മകളെയും കൊണ്ട് സെക്രട്ടറിയേറ്റില്‍ പോവുകയല്ലാതെ വഴിയൊന്നും ഉണ്ടായിരുന്നില്ല. നാലുമണിക്ക് ശേഷമുള്ള മീറ്റിംഗ് മുകളില്‍ തിരുവനന്തപുരത്ത് മകള്‍ക്ക് നില്‍ക്കുവാന്‍ ഒരു ഇടം ഉണ്ടായിരുന്നില്ല.
സാധാരണ രീതിയില്‍ മുഖ്യമന്ത്രി ലിഫ്റ്റില്‍ പോകുമ്പോള്‍ മറ്റാരും അതില്‍ കയറുക പതിവില്ല. സഖാവ് വിഎസ് വന്നതും ലിഫ്റ്റിലേക്ക് കയറിയതും എന്റെ അച്ചുമാമോ എന്നുപറഞ്ഞ് ഗൗരിക്കുട്ടി ഓടിപ്പാഞ്ഞ് കയറിയതും എനിക്ക് ഓര്‍മ്മയുണ്ട്. ദേ കിടക്കുന്നു പ്രോട്ടോകോള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്റെ ഭാഗത്തുനിന്ന് വന്ന ഒരു നിരുത്തരവാദിത്വമാണത്. ഞാന്‍ ഓടി അവളെ പിടിക്കാന്‍ ശ്രമിച്ചു.
അപ്പോഴേക്കും ഗൗരിക്കുട്ടി വര്‍ത്തമാനം ആരംഭിച്ചിരുന്നു. ഇതിന്റെ മുകളിലാണോ വീട്? ഞാന് അമ്മയോട് എപ്പോഴും പറയുന്ന അച്ചുമാമയെ കാണണം. എന്തരടേ എന്ന രീതിയില്‍ ഗണ്‍മാന്‍ ചിരിക്കുന്നു.
എന്റെ മകളാണോ എന്ന് വിഎസ് കൗതുകപ്പെട്ട് ചോദിച്ചു. ഇങ്ങോട്ട് കേറിക്കോളൂ എന്ന് എന്നോട് പറഞ്ഞു.
വേണ്ട ഞാന്‍ മോളെ എടുക്കാം എന്നു പറഞ്ഞിട്ട് അദ്ദേഹം സമ്മതിച്ചില്ല
പല പരിപാടികളിലായി അതിനുമുമ്പ് പരസ്പരം കണ്ടതിന്റെ ഓര്‍മ്മ അദ്ദേഹത്തിനുണ്ട്. ഓര്‍മ്മിക്കാതിരിക്കാന്‍ വഴിയില്ല മീറ്റിങ്ങുകളില്‍ ഗര്‍ഭിണിയായ ഞാന്‍ മന്ത്രിമാര്‍ക്ക് കൊടുക്കുന്ന അണ്ടിപ്പരിപ്പും ഈത്തപ്പഴവും എങ്ങനെ തിന്നണമെന്ന് ആലോചിച്ച് വശപ്പെടുത്തുന്ന സമയത്താണ് വി.എസ് ആ പ്ലേറ്റ് എനിക്ക് നേരെ നീട്ടിയത്. സംഗതി എന്റെ ആര്‍ത്തി അദ്ദേഹം കണ്ടിട്ടുണ്ട്.എനിക്ക് വിശക്കുന്നു എന്ന് ഓരോ ചലനത്തിലും ഉള്ള സൂചന അദ്ദേഹം കണ്ടിട്ടുണ്ട്. വിശന്നു ഞാന്‍ ഒരു പ്ലേറ്റ് അണ്ടിപ്പരിപ്പ് യാതൊരു മടിയുമില്ലാതെ തിന്നു . പിന്നീട് പലപ്പോഴും അദ്ദേഹത്തിന് ഒപ്പം ഔദ്യോഗികമായ പല മീറ്റിങ്ങുകളിലും അല്ലാതെയുള്ള പല വേദികളിലും ഇരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം സഖാവ് വിഎസ് അനുതാപത്തോടെ എനിക്ക് ഭക്ഷണം നീട്ടി. സത്യത്തില്‍ ആ നീട്ടലുകള്‍ക്ക് ഞാന്‍ അഭിമാനത്തോടെ കാത്തിരുന്നു എന്നതാണ് വാസ്തവം.
എന്നെയും ഗൗരി കുട്ടിയെയും ചേമ്പറിലേക്ക് കൊണ്ടുപോയി
ടാറ്റ അച്ചുമാമ….. അവള്‍ ആഹ്ലാദത്തോടെ കൈവീശി. വരുന്നവരോടും പോകുന്നവനോടും സ്‌കൂളിലും അവിടെയും ഇവിടെയുമല്ല അച്ചുമാമ്മയെ കണ്ടതും മിട്ടായി കിട്ടിയതും പൊടിപ്പും തൊങ്ങലും വെച്ച് പൊങ്ങച്ചം പറഞ്ഞു നടന്നു. മയ്യനാട് ഒരു പ്രോഗ്രാമില്‍ വച്ചാണ് ആദ്യമായി എനിക്ക് ഈത്തപ്പഴത്തിന്റെ പാത്രത്തോടെ എടുത്തുതന്നത് ഒരുപക്ഷേ ആദ്യമായി നേരിട്ട് വേദിയിലിരുന്നതും അന്നുതന്നെയാണ്. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ എല്ലാം ഒരുപാട് മുന്‍പേ അറിയുന്ന ഒരാളാണെന്ന് വിശ്വസിച്ചപ്പോള്‍ എല്ലാം തിരുത്താന്‍ പോയില്ല. കുട്ടിയുടെ പൊങ്ങച്ചത്തിന്റെ സുഖം എന്ത് എന്ന് എനിക്ക് മുമ്പേ അറിയാമായിരുന്നു.
രാഷ്ട്രീയമായ അനവധി കാരണങ്ങള്‍ സഖാവിനെ വ്യത്യസ്തനാക്കിയിരുന്നു. സ്ത്രീകളെ ആക്രമിക്കുന്ന വ്യക്തികളോട് ഒരു രാഷ്ട്രീയ വ്യക്തിയെന്ന നിലയില്‍ അദ്ദേഹം കാണിച്ച ധീരമായ എതിര്‍പ്പുകള്‍ എനിക്ക് അത്ഭുതമായിരുന്നു. ഔദ്യോഗികമോ അനൗദ്യോഗികമോ ആകട്ടെ ഏതെങ്കിലും പരിപാടിയില്‍ ഒരു ലൈംഗിക പീഡകന്‍ ഉണ്ട് എന്ന് അറിഞ്ഞാല്‍ ആ പരിപാടിയില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. നിലപാടുകള്‍ ശക്തമായിരുന്നു. പല കാര്യങ്ങളിലും മറ്റാരെക്കാളും വ്യത്യസ്തനുമായിരുന്നു. അനവധി ഓര്‍മ്മകള്‍ അദ്ദേഹത്തെപ്പറ്റിയുണ്ട്. എങ്കിലും അച്ചുമാമേ എന്ന് വിളിച്ചു ലിഫ്റ്റില്‍ ഓടിക്കേറിയ കൊച്ചു കുട്ടിയോട് അദ്ദേഹം കാണിച്ച വാത്സല്യം, അധികാരം ഒരിക്കലും ലോകത്തോടോ കുഞ്ഞുങ്ങളോടോ കാണിക്കുന്നതല്ല.
വിട വിട പ്രിയ വി.എസ്
Content Highlights: Indu Menon Writes about VS Achuthanandan