
തിരുവനന്തപുരം: വിതുരയിലെ ബിനുവിന്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി സഹോദരി. യൂത്ത് കോൺഗ്രസിനെതിരെ പരാതി നൽകാൻ സിപിഐ നേതാവ് ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തൽ. സിപിഐ നേതാവ് രാഞ്ജേഷിനെതിരെയാണ് ബിനുവിന്റെ സഹോദരിയുടെ ആരോപണം. വീട്ടിലെത്തി പരാതിയിൽ ഒപ്പുവെക്കാൻ ആവശ്യപ്പെട്ടതായാണ് ആരോപണം. സിപിഐ നേതാവിന്റെ ആവശ്യം നിരാകരിച്ചെന്നും ബിനുവിൻ്റെ സഹോദരി പറയുന്നു. യൂത്ത് കോൺഗ്രസുകാരാണ് ബിനുവിനെ ആംബുലൻസിലേക്ക് കയറ്റിയതെന്ന് ഭാര്യ സുമയും വ്യക്തമാക്കി.
മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കാലതാമസം ഉണ്ടായതായും സുമ ആരോപിച്ചു.
വിതുര സ്വദേശിയായ ആദിവാസി യുവാവ് ബിനു മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആരോപണമുയർന്നിരുന്നു. പ്രവർത്തകർ ആംബുലൻസ് തടഞ്ഞെന്നായിരുന്നു ഉയർന്ന ആരോപണം. ശനിയാഴ്ച വൈകിട്ട് വിതുര താലൂക്ക് ആശുപത്രിയിലാണ് യൂത്ത് കോൺഗ്രസ് സമരം നടന്നത്. സംഭവത്തിൽ മെഡിക്കൽ ഓഫീസർ വിതുര പൊലീസിൽ പരാതി നൽകിയിരുന്നു.
ഫിറ്റ്നസ് ഇല്ലാത്ത ആംബുലൻസ് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. എന്നാൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നു. രോഗിയെ കയറ്റിയ ശേഷം ആംബുലൻസ് തടഞ്ഞിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് പ്രതികരിച്ചിരുന്നു. തങ്ങൾ തന്നെയാണ് രോഗിയെ ഈ ആംബുലൻസിൽ കയറ്റിവിട്ടതെന്നും വിനോദ് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
ആംബുലൻസ് തടഞ്ഞ് സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടിരുന്നു. ഓരോ മിനിറ്റും വിലപ്പെട്ടതാണ് എന്നറിഞ്ഞിട്ടാണ് മരണത്തെ സുവർണാവസരമാക്കാൻ വേണ്ടി
യൂത്ത് കോൺഗ്രസ് ഈ അരും കൊലനടത്തിയതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഇനിയും ഇത് ഈ നാട് അനുവദിച്ച് കൊടുക്കരുത്. ശക്തമായി പ്രതിഷേധിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Sister of binu says CPI leader asked her to file complaint against Youth Congress