
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട്, പാര്‍ട്ടിക്കപ്പുറം ജനഹൃദയങ്ങളില്‍ ഇടം നേടിയ നേതാവായിരുന്നു വിഎസെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിൽ കുറിച്ചു.
വി എസ് അച്യുതാനന്ദന്റെ മരണത്തോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു യുഗത്തിനാണ് അവസാനമാകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്‌നങ്ങളില്‍ മുഖം നോക്കാതെ ഇടപെട്ട അദ്ദേഹം ഭൂമാഫിയകള്‍ക്കെതിരെയടക്കം സ്വീകരിച്ച നിലപാടുകള്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടും. കേരളത്തില്‍ മതതീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്നുവെന്ന സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച ആദ്യ നേതാവ് കൂടിയായിരുന്നു അദ്ദേഹമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി വി എസിൻ്റെ മകന്‍ അരുണ്‍കുമാറിനെ കണ്ട് താന്‍ വി എസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.
ഇന്ന് ഉച്ചയ്ക്ക് 3. 20 നാണ് വി എസ് അച്യുതാനന്ദൻ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം.
കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
Content Highlights- BJP state president Rajeev Chandrasekhar expressed condolences on the death of VS Achuthanandan