
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍. ജനലക്ഷങ്ങളുടെ വേദനകളും ദുരിതങ്ങളും തൊട്ടറിഞ്ഞ് പരിഹാരം നേടിക്കൊടുത്തിരുന്ന നേതാവായിരുന്നു വിഎസെന്നും ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയാണ് തങ്ങള്‍ അനുശോചനം അറിയിച്ചത്. ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി പാലോളി കമ്മീഷനെ നിയമിച്ചെന്നും വിയോജിപ്പുകള്‍ രേഖപ്പെടുത്തിയാല്‍ സഹിഷ്ണുതയോടെ കേള്‍ക്കുകയും നീതിയാണെന്ന് ബോധ്യപ്പെട്ടാല്‍ അത് പ്രാവര്‍ത്തികമാക്കുന്നതിന് എന്തും ചെയ്യുകയും ചെയ്യുന്ന നേതാവായിരുന്നു വിഎസെന്നും അദ്ദേഹം പറഞ്ഞു.
'കാല്‍ നൂറ്റാണ്ട് മുന്‍പ് എല്ലാ അര്‍ഹതയും നേടിയിട്ടും എല്ലാ സൗകര്യങ്ങളുമുളള ഞങ്ങളുടെ സ്‌കൂളിനെ, പൂര്‍ണമായും ഞങ്ങള്‍ തഴയപ്പെട്ട സമയത്ത് ഞങ്ങളുടെ വേദനകളും പ്രയാസങ്ങളും മനസിലാക്കി തിരുവനന്തപുരത്തു നിന്ന് മലപ്പുറം മേല്‍മുറിയിലെ ഞങ്ങളുടെ അക്കാദമിയില്‍ വന്ന് വിഷയങ്ങളെല്ലാം ചോദിച്ചറിയുകയും പരിഹാരം നല്‍കുകയും ചെയ്ത സഖാവാണ് വിഎസ്. ഇങ്ങനെ ജനലക്ഷങ്ങള്‍ക്ക് അവരുടെ വേദനകളും ദുരിതങ്ങളും തൊട്ടറിഞ്ഞ് അതിന് പരിഹാരം നേടിക്കൊടുത്തിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഈ പാതിരായ്ക്കും മണിക്കൂറുകളോളം രാത്രി പകലാക്കി നിറകണ്ണുകളോടെ എല്ലാവരും തടിച്ചുകൂടുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭൗതികശരീരം വീട്ടിലെത്തിയിട്ടില്ല. ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പാലോളി കമ്മീഷനെ നിയമിച്ചു. വിയോജിപ്പുകള്‍ രേഖപ്പെടുത്തിയാല്‍ സഹിഷ്ണുതയോടെ കേള്‍ക്കുകയും നീതിയാണെന്ന് ബോധ്യപ്പെട്ടത് പ്രാവര്‍ത്തികമാക്കുന്നതിന് എന്തും ചെയ്ത്, എപ്പോഴും ജനത്തിനും രാജ്യത്തിനും പാവങ്ങള്‍ക്കുമൊപ്പം നിന്ന സഖാവാണ് വിഎസ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നു.'- ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
അതേസമയം, വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചിരിക്കുന്നത്. പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ജനസാഗരമാണ് തിരുവനന്തപുരത്തും കൊല്ലത്തുമായി ഒഴുകിയെത്തിയത്. മഴയെ പോലും വകവെയ്ക്കാതെ 'കണ്ണേ… കരളേ വി എസ്സേ' എന്ന മുദ്രാവാക്യവുമായി ജനക്കൂട്ടം റോഡിന് ഇരുവശത്തുമായി തടിച്ചുകൂടി. വി എസിന്റെ ഭൗതിക ശരീരം ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ആലപ്പുഴയിലെ വസതിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ആളുകള്‍ ഒഴുകിയെത്തിയതോടെ വിലാപയാത്ര മണിക്കൂറുകളായി നീളുകയാണ്.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് വി എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ വി എസിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അവിടെ നിന്ന് ഉച്ചയോടെ ആലപ്പുഴയിലേക്ക് വിലാപയാത്ര ആരംഭിച്ചു. പത്ത് മണിക്കൂറോളമെടുത്താണ് വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെയോടെ വിലാപയാത്ര ആലപ്പുഴയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.
Content Highlights: VS Achuthanandan was leader who worked for the upliftment of minorities: Kerala Muslim Jamaat leader