അതുല്യയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക

dot image

കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക.

ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് ഭർത്താവ് സതീഷ്.

മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി ചവറ തെക്കുഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അതുല്യ അവസാനമായി സഹോദരിക്ക് അയച്ച ശബ്ദ സംഭാഷണം റിപ്പോർട്ടറിന് ലഭിച്ചിരുന്നു. ഭർത്താവ് സതീഷ് ക്രൂരമായി മർദ്ദിച്ചെന്നും ആത്മഹത്യ ചെയ്യാനുള്ള ധൈര്യം തനിക്കില്ലെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.

'ഇന്നലെ നീ വിളിച്ചതിനുശേഷം ഞാൻ അമ്മയെ വിളിച്ചു. ഞാൻ താഴെ കിടക്കുകയായിരുന്നു. പുതപ്പു മൂടിയാണ് അമ്മയോട് സംസാരിച്ചത്. ചവിട്ടിക്കൂട്ടി എന്നെ. എനിക്ക് വയ്യഡീ. അനങ്ങാൻ വയ്യ. വയറെല്ലാം ചവിട്ടി. സഹിക്കാൻ പറ്റുന്നില്ല', എന്നാണ് ശബ്ദ സന്ദേശത്തിൽ അതുല്യ പറയുന്നത്. എന്നാൽ അതുല്യയുടെ മരണത്തിൽ താൻ നിരപരാധിയാണെന്നായിരുന്നു ഭർത്താവ് സതീഷിന്റെ പ്രതികരണം. അതുല്യ തന്നെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും സതീഷ് ആരോപിച്ചു. സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സതീഷ് പറഞ്ഞിരുന്നു.

Content Highlights: Special team to investigate athulya's death

dot image
To advertise here,contact us
dot image