
കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ താന്‍ നിരപരാധിയെന്ന് ഭര്‍ത്താവ് സതീഷ്. അതുല്ല്യ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും സതീഷ് ആരോപിച്ചു. സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. മരിച്ച നിലയിലാണ് അതുല്ല്യയെ കണ്ടെത്തിയത് അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സതീഷ് പറയുന്നു.
'ഞാന്‍ ജീവിച്ച ജീവിതം എനിക്ക് മാത്രമെ അറിയത്തുള്ളൂ. സകല ബന്ധുക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും എന്നെ അകറ്റി. ഏതെങ്കിലും കൂട്ടുകാരുമായി അടുത്താല്‍ എന്തെങ്കിലും ചെയ്ത് അവള്‍ അത് തടയും. ഞാന്‍ എന്തിനാണ് ജീവിക്കുന്നത്. ചാവാന്‍ തയ്യാറാണ്. ഇന്നലെ അതുല്യ തൂങ്ങിയ അതേ ഫാനില്‍ കൈലി ഇട്ട് ഞാനും തൂങ്ങി. പിടച്ചപ്പോള്‍ കാല് കട്ടിലേല്‍ വന്ന് സ്റ്റാന്‍ഡ് ചെയ്തു', എന്നാണ് സതീഷ് ശബ്ദ സംഭാഷണത്തില്‍ പറയുന്നത്.
അതുല്യ ഗര്‍ഭം അലസിപ്പിച്ചത് തന്നെ മാനസികമായി തളര്‍ത്തി. ഏത് ആശുപത്രിയാണെന്ന് അറിയില്ല. അമ്മയാണ് എല്ലാ കാര്യങ്ങള്‍ക്കും കൂടെപ്പോയത്. അബോര്‍ഷന്‍ തനിക്ക് സഹിക്കാന്‍ കഴിയാത്തതിനാല്‍ പൈസയൊന്നും അയച്ചുകൊടുത്തില്ല. അവളുടെ സ്വര്‍ണ്ണത്തെക്കുറിച്ചൊന്നും താന്‍ ചോദിക്കാറില്ല. അതുല്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണം. എന്താണ് നടന്നതെന്ന് തനിക്കും അറിയണം എന്നും സതീഷ് പറയുന്നു. ദുബായില്‍ കോണ്‍ട്രാക്ടിങ് സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്.
ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യശേഖറിനെ (30) ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. മരണത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി ചവറ തെക്കുഭാഗം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Content Highlights: Husband Satheesh audio message over kollam athulya death at Sharjah