
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞ് സമരം നടത്തിയ സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ലാൽ റോഷി ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്ക് എതിരെ കേസെടുത്തു. ലാൽ റോഷിയാണ് കേസിൽ ഒന്നാം പ്രതി. അത്യാഹിത വിഭാഗത്തിൽ വന്ന രോഗിയെ ആബുലൻസിൽ കയറ്റാൻ കഴിയാതെ സംഘം ചേർന്ന് വാഹനം തടഞ്ഞതിനും മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഹോസ്പിറ്റൽ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
അതിനിടെ വിതുര ആശുപത്രിയിലെ ആംബുലൻസിന് ഫിറ്റ്നസില്ലെന്ന യൂത്ത് കോൺഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി വീണാ ജോർജ് രംഗത്തെത്തി. ആംബുലൻസിന് ഫിറ്റ്നസും ഇൻഷുറൻസുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല. സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആംബുലൻസിന് ഇൻഷുറൻസ് ഉണ്ടെന്ന് വ്യക്തമാക്കുന്ന രേഖ മന്ത്രി ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയും ചെയ്തു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല. സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രോഗിയെ ആംബുലന്‍സില്‍ കയറ്റാതെ തടസം സൃഷ്ടിക്കുകയും അസഭ്യം പറയുകയും, ആംബുലന്‍സ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതി. ഇൻഷുറൻസും ഫിറ്റ്നസുമുള്ള ആംബുലൻസാണെങ്കിലും ഇതൊന്നും ഇല്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് തടഞ്ഞത്. ഈ വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് സംബന്ധിച്ച രേഖകള്‍ ഇവിടെ ചേര്‍ക്കുന്നു. മരണമടഞ്ഞ ബിനുവിന് ആദരാഞ്ജലികൾ.
ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദിവാസി യുവാവ് മരിച്ചത്. വിതുര സ്വദേശിയായ ബിനു ആണ് മരിച്ചത്. വിതുര താലൂക്ക് ആശുപതിയിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റെഫർ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ബിനുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു യൂത്ത് കോൺഗ്രസ് ആംബുലൻസ് തടഞ്ഞത്.
ഫിറ്റ്‌നസ്സ് ഇല്ലാത്ത ആംബുലൻസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം നടത്തി. രോഗിയുണ്ടെന്ന് പറഞ്ഞെങ്കിലും സമരക്കാർ പിന്മാറിയില്ല. ഇതിന് പിന്നാലെയാണ് ബിനു മരണപ്പെട്ടത്. അതേസമയം രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. സംഭവത്തിൽ മെഡിക്കൽ ഓഫീസർ വിതുര പൊലീസിൽ പരാതി നൽകിയിരുന്നു.
Content Highlight : Incident of protesting by blocking an ambulance; Case filed against 10 people, including the DCC General Secretary