
തിരുവനന്തപുരം: വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ പാട്ട് കോഴിക്കോട് സർവ്വകലാശാല സിലബസ്സിൽനിന്ന് ഒഴിവാക്കണമെന്ന് എസ്യുസിഐ(കമ്യൂണിസ്റ്റ്)പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ്. സേവ് യൂണിവേഴ്സിറ്റി ഫോറം എസ്യുസിഐ സംഘടനയാണ് എന്ന് പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണ്. തീർത്തും വസ്തുതാ വിരുദ്ധമായ കാര്യമാണിത്. എം. ഷാജർഖാൻ സ്വന്തം നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യകരമായ സംവാദങ്ങൾക്ക് വ്യാജപ്രചാരണ തന്ത്രങ്ങൾ വിലങ്ങുതടിയാകുമെന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കട്ടെ. സ്വന്തം നിലപാട് സുതാര്യമായും നിർഭയമായും പ്രകടിപ്പിക്കുന്ന സംഘടനയാണ് എസ്യുസിഐ(സി). വിശാലമായ ജനതാല്പ ര്യത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും പക്ഷത്തു നിന്നുകൊണ്ടുമാത്രമാണ് ഏതൊരു വിഷയത്തെ സംബന്ധിച്ചുമുള്ള നിലപാട് പാർട്ടി സ്വീകരിക്കുന്നത്. റാപ് സംഗീതം പ്രതിനിധാനം ചെയ്യുന്ന മർദ്ദിതൻ്റെ രാഷ്ട്രീയത്തോടും വേടൻ്റെ പാട്ടിനോടും ഞങ്ങൾ യോജിക്കുന്നുെവെന്നും ജയ്സണ് ജോസഫ് പറഞ്ഞു.
യൂണിവേഴ്സിറ്റി സിലബസ് രൂപീകരണം ഉൾപ്പെടെയുള്ള അക്കാദമിക്ക് വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം സ്വയംഭരണാവകാശമുള്ള യൂണിവേഴ്സിറ്റി സമിതികൾക്ക് ആയിരിക്കണം. രാഷ്ട്രീയ പരിഗണനകൾ ഉൾപ്പെടെ ഒരു സങ്കുചിത താല്പര്യവും അതിൽ കൈകടത്തിക്കൂടാ. യൂണിവേഴ്സിറ്റികളുടെ സ്വയംഭരണാവകാശം തകർക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മത്സര ബുദ്ധിയോടെ ശ്രമിക്കുമ്പോൾ നമ്മുടെ യൂണിവേഴ്സിറ്റികളെ സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒത്തൊരുമിച്ചു രംഗത്തിറങ്ങണമെന്നും അനാവശ്യ വിവാദങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ജയ്സൺ ജോസഫ് അഭ്യർത്ഥിച്ചു.
Content Highlights: വേടന്റെ പാട്ട് ഒഴിവാക്കണമെന്ന് എസ്യുസിഐ ആവശ്യപ്പെട്ടിട്ടില്ല; സംസ്ഥാന സെക്രട്ടറി