
കൊച്ചി: കൊച്ചിയില്‍ ദമ്പതികളെ തീകൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കി. വടുതലയിലാണ് സംഭവം. ക്രിസ്റ്റഫര്‍, മേരി എന്നിവരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം വില്യം (49) എന്നയാളാണ് ജീവനൊടുക്കിയത്. അന്‍പത് ശതമാനത്തോളം പൊള്ളലേറ്റ ക്രിസ്റ്റഫറിനേയും മേരിയേയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. പള്ളിപ്പെരുന്നാളിന് പോയി മടങ്ങിവരികയായിരുന്ന ക്രിസ്റ്റഫറിനേയും മേരിയേയും സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് വില്യം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ സ്വന്തം വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. ക്രിസ്റ്റഫറിന്റെ സ്‌കൂട്ടര്‍ ഭൂരിഭാഗവും കത്തിനശിച്ചു. എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ക്രിസ്റ്റഫറിന്റെ കുടുംബവും വില്യമിന്റെ കുടുംബവും തമ്മില്‍ ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് വിവരം. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കമെന്നും സൂചനയുണ്ട്. വില്യം സ്ഥിര പ്രശ്‌നക്കാരനായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സഹോദന്റെ മകന്റെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ചതിന് ഇയാള്‍ക്കെതിരെ മുന്‍പ് കേസെടുത്തിട്ടുണ്ടെന്നും അയല്‍വാസികള്‍ ചൂണ്ടിക്കാട്ടി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights- Man kill himself after attacked neighbours in Vaduthala, Kochi