'കരുതിക്കൂട്ടിയുള്ള തിരക്കഥ, പ്രതിയെ രക്ഷിക്കാനുള്ള അതിബുദ്ധി'; നവീൻബാബു മരണത്തിലെ കുറ്റപത്രത്തിനെതിരെ ബന്ധു

കളക്ടര്‍ സംശയാസ്പദമായ സാഹചര്യത്തിലാണുള്ളതെന്നും സമയവും തീയതിയും കളക്ടറില്‍ നിന്ന് മനസിലാക്കിയല്ലേ പി പി ദിവ്യ എത്തിയതെന്നും ബന്ധു

dot image

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ട കുറ്റപത്രത്തില്‍ പ്രതികരണവുമായി നവീൻ ബാബുവിൻ്റെ ബന്ധു അഡ്വ. അനില്‍ പി നായര്‍. കളക്ടര്‍ മന്ത്രിയെ വിവരം അറിയിച്ചത് എന്നാണെന്ന് പോലീസ് അന്വേഷിച്ചോയെന്ന് അനില്‍ ചോദിച്ചു. മന്ത്രി സാക്ഷിയാണോയെന്നും അദ്ദേഹം ആരാഞ്ഞു. നവീന്‍ ബാബുവിന് തെറ്റ് പറ്റിയതായി അദ്ദേഹം പറഞ്ഞതായും ഇക്കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടര്‍ അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. ഇതിലായിരുന്നു അനില്‍ പി നായര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.

'കളക്ടറുടെ അറിവോട് കൂടിയാണ് പ്രതി യോഗത്തിലെത്തുന്നത്. ആ സമയത്ത് അദ്ദേഹം പ്രസംഗം വളരെ ആസ്വദിക്കുകയാണ്. ജീവിതത്തിലൊരിക്കല്‍ പോലും അഴിമതി ആരോപണം നേരിടാത്ത ഒരാളെ പരസ്യമായി അവഹേളിച്ച് അത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കി. ആയൊരു അര്‍ത്ഥത്തില്‍ ആത്മഹത്യാ പ്രേരണ നടന്നുവെന്നത് സത്യമാണ്', അദ്ദേഹം പറഞ്ഞു.

ഇതിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും പ്രശാന്തനും ദിവ്യയും തമ്മിലുള്ള ബന്ധമെന്താണെന്നും അദ്ദേഹം ചോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതാണോ പെട്രോള്‍ പമ്പ്. ഇപ്പോള്‍ പറയുന്ന പെട്രോള്‍ പമ്പിന്റെ സാമ്പത്തിക സ്ഥിതിയെന്താണ്. പ്രശാന്ത് നവീന്‍ ബാബുവിന്റെ ക്വാട്ടേഴ്സിലേയ്ക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടാകുമല്ലോ. ഇയാള്‍ തിരിച്ച് പോയ സമയമെത്രയാണെന്നും എത്ര സമയത്തിനുള്ളിലാണ് പണം സംഘടിപ്പിച്ചതെന്നും അന്വേഷിച്ചോയെന്നും അനില്‍ ചോദിച്ചു.

'കരുതിക്കൂട്ടിയുള്ള തിരക്കഥയാണ്. കുറ്റപത്രത്തില്‍ തന്നെ പ്രതിയെ രക്ഷിക്കാനുള്ള പഴുതുകള്‍ കുത്തിത്തിരുകുന്ന അതിബുദ്ധി. അതുകൊണ്ടാണ് ഈ കേസ് നിഷ്പക്ഷമായ ഏജന്‍സി അന്വേഷിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ ഞങ്ങള്‍ അന്വേഷിച്ചോളാമെന്നും ഞങ്ങള്‍ക്ക് ശേഷിയുണ്ടെന്നുമായിരുന്നു കേരള സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. കോടതിയെ തെറ്റിദ്ധരിച്ച് നിഷ്പക്ഷമായ അന്വേഷണം ഒഴിവാക്കി ഇത്തരത്തിലുള്ള കുറ്റപത്രം നല്‍കുന്നത് ആരെ സംരക്ഷിക്കാനാണ്', അഡ്വ അനില്‍ ചോദിച്ചു.

കളക്ടര്‍ സംശയാസ്പദമായ സാഹചര്യത്തിലാണുള്ളതെന്നും സമയവും തീയതിയും കളക്ടറില്‍ നിന്ന് മനസിലാക്കിയല്ലേ പി പി ദിവ്യ എത്തിയതെന്നും അദ്ദേഹം ചോദിച്ചു. 'തെറ്റ് പറ്റിയെന്ന് പറയുന്നു. എന്ത് തെറ്റാണ് പറ്റിയത്. അവിടെ ജോലി ചെയ്തതോ, അതോ കളക്ടറെ വിശ്വസിച്ചതോ. എന്ത് തെറ്റ് ചെയ്‌തെന്നാണ് പറഞ്ഞത്. അര്‍ദ്ധ വിരാമങ്ങളിലൂടെ ഒരു മനുഷ്യനെ അപഹസിക്കാനുള്ള ശ്രമം ആര് നടത്തിയാലും സമൂഹത്തിന്റെ മനസാക്ഷിക്ക് മുമ്പ് വ്യക്തമാക്കണം. നിഷ്പക്ഷമായ അന്വേഷണം വേണം. ഈ ഭൂമിയില്‍ നിന്ന് നവീന്‍ ബാബുവിനെ യാത്രയാക്കിയവര്‍ ആരായാലും നിയമത്തിന് മുമ്പില്‍ സമാധാനം പറയാനുള്ള സാഹചര്യമാണ് ജനാധിപത്യ സര്‍ക്കാരുണ്ടാക്കേണ്ടത്', അഡ്വ അനില്‍ പറഞ്ഞു.

യാത്രയയപ്പിൽ സംഭവിച്ച കാര്യങ്ങളും തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതും അടക്കമുള്ള കാര്യങ്ങൾ മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സുപ്രധാന വിവരങ്ങളുള്ളത്. കുറ്റപത്രത്തിൻ്റെ പൂർണ്ണരൂപം റിപ്പോർട്ടറിന് ലഭിച്ചു.

Content Highlights: Naveen Babu relative about Chargesheet on death case

dot image
To advertise here,contact us
dot image