നോവല്‍ പ്രകാശനത്തിൻ്റ പിറ്റേന്ന് ജീവനൊടുക്കി; എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയില്‍ കണ്ടെത്തി

'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാനിടയില്ല', എന്നായിരുന്നു പരിപാടിയിലെ മറുപടി പ്രസംഗത്തില്‍ വിനീത പറഞ്ഞത്

dot image

തൃശൂര്‍: എഴുത്തുകാരി വിനീത കുട്ടഞ്ചേരി (44) മരിച്ച നിലയില്‍. തിങ്കളാഴ്ച വൈകിട്ടാണ് വിനീതയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വിനീതയുടെ 'വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി' എന്ന പുസ്തകം പ്രകാശനം ചെയ്തിരുന്നു. തൃശൂര്‍ പ്രസ് ക്ലബ്ബിലായിരുന്നു പ്രകാശനം.

'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാനിടയില്ല', എന്നായിരുന്നു പരിപാടിയിലെ മറുപടി പ്രസംഗത്തില്‍ വിനീത പറഞ്ഞത്. വിനീതയും അന്‍സര്‍ കായല്‍വാരവും ചേര്‍ന്നായിരുന്നു നോവലെഴുതിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് നോവല്‍ പ്രകാശനം ചെയ്തത്.

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019ലെ അവാര്‍ഡ് ജേതാവാണ് വിനീത. സമൂഹമാധ്യമങ്ങളിലും വിനീത സജീവമായിരുന്നു. നിനക്കായ് എന്ന ഗാനത്തിന്റെ സംഗീത സംവിധായിക എന്ന നിലയിലും പ്രശസ്തി നേടിയിട്ടുണ്ട്. പഞ്ചാഗ്നി, ഹൃദയരക്തത്തിന്റെ സ്വാദ്, പുഴ മത്സ്യത്തെ സ്‌നേഹിച്ചപ്പോള്‍ തുടങ്ങിയവയാണ് പ്രശസ്ത രചനകള്‍. അവണൂര്‍ പഞ്ചായത്തില്‍ എസ്‌സി പ്രമോട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സംസ്‌കാര ചടങ്ങില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. അവണൂര്‍ മണിത്തറ കാങ്കില്‍വീട്ടില്‍ രാജുവാണ് ഭര്‍ത്താവ്. ശ്രീരാജി, ശ്രീനന്ദ എന്നിവരാണ് മക്കള്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights: Writer Vineetha Koottancheri found died at Home

dot image
To advertise here,contact us
dot image