'കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടൻ്റെ പാട്ട് ഒഴിവാക്കണം'; വിദഗ്ധ സമിതിയുടെ ശുപാ‍ർശ

വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് പാട്ട് ഒഴിവാക്കാൻ ശുപാർശ ചെയ്തത്

dot image

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ നിന്നും വേടന്റെ പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ.
വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാർശ ചെയ്തത്. വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു. ബിരുദ പഠനത്തിൽ മൂന്നാം സെമസ്റ്ററിലാണ് പാട്ട് ഉൾപ്പെടുത്തിയിരുന്നത്.

മലയാളം യുജി പഠനബോർഡാണ് വേടന്റെ പാട്ട് പാഠ്യപദ്ധയിൽ ചേർത്തത്. മൈക്കിൾ ജാക്‌സന്റെ 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്' എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് 'ഭൂമി ഞാൻ വാഴുന്നിടം' സിലബസിൽ ഉൾപ്പെടുത്തിയത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ഗൗരി ലക്ഷ്മിയുടെ പാട്ടും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാനാണ് ശുപാർശ.

വിദ്യാർത്ഥികൾ തന്നെ കുറിച്ച് പഠിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നേരത്തെ റിപ്പോർട്ടറിന്റെ 'കോഫി വിത്ത് അരുണി'ൽ അതിഥിയായെത്തിയ വേടൻ പ്രതികരിച്ചിരുന്നു. 'പണ്ട് ഞാൻ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങൾ കണ്ടോ ഞാൻ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. എന്നാൽ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാർത്ഥികൾ പഠിക്കുക എന്നതിൽ സന്തോഷമുണ്ട്. ഞാൻ പത്തുവരെ കൃത്യമായി സ്‌കൂളിൽ പോയി പഠിച്ചു. എന്നാൽ ജീവിത സാഹചര്യങ്ങൾ കൊണ്ട് അത് തുടരാൻ കഴിഞ്ഞില്ല.' എന്ന് വേടൻ പറഞ്ഞിരുന്നു.

Content Highlights: Expert committee recommends removal of vedan's song from Calicut University curriculum

dot image
To advertise here,contact us
dot image