കീം റാങ്ക് പട്ടിക റദ്ദാക്കിയ വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്

dot image

ന്യൂഡൽഹി: കീം റാങ്ക് പട്ടിക റദ്ദാക്കിയ വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, എഎസ് ചന്ദുര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയും ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.

എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പ്രൊസ്‌പെക്ടസില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികളുടെ വാദം. 14 വര്‍ഷമായി നിലനിന്ന അനീതി ഇല്ലാതാക്കുകയാണ് സിലബസ് പരിഷ്‌കരണത്തിലൂടെ ചെയ്തത്. സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന പഴയ പ്രൊസ്‌പെക്ടസ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിയില്‍ നോട്ടീസയക്കാന്‍ സുപ്രിം കോടതി തീരുമാനമെടുത്താല്‍ ഹര്‍ജിക്കാരെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിക്കും. പ്രവേശന നടപടികള്‍ക്ക് കാലതാമസം നേരിടുമെന്നതിനാല്‍ അപ്പീലിന് ഇല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. ഈ വിധിയിൽ സർക്കാർ നൽകിയ അപ്പീലിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സിം​ഗിൾ ബെഞ്ച് കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്.

ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

പിന്നാലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അംഗീകരിച്ചുകൊണ്ട് പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് സ‍ർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 76,230 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്. റാങ്ക് പട്ടികയില്‍ വലിയ മാറ്റമാണുണ്ടായത്. കേരള സിലബസുകാര്‍ പിന്നില്‍ പോയി. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലസില്‍ നിന്നുള്ളവരാണ്. മുന്‍ ലിസ്റ്റില്‍ 43 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlights: Supreme Court to hear appeal against KEAM rank list cancellation verdict today

dot image
To advertise here,contact us
dot image