പേവിഷബാധയേറ്റ് മകൾ മരിച്ച സംഭവം; സർക്കാരാണ് കുട്ടിയെ കൊന്നതെന്ന രൂക്ഷവിമർശനവുമായി മാതാവ്

മെയ് അഞ്ചിനാണ് നിയ ഫൈസൽ എന്ന ഏഴ് വയസ്സുകാരി പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്

പേവിഷബാധയേറ്റ് മകൾ മരിച്ച സംഭവം; സർക്കാരാണ് കുട്ടിയെ കൊന്നതെന്ന രൂക്ഷവിമർശനവുമായി മാതാവ്
dot image

കൊല്ലം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കൊല്ലത്ത് പേ വിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ മാതാവ് ഹാബിറ.‘സർക്കാരാണ് എന്റെ കുഞ്ഞിനെ കൊന്നത്. സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയതുകൊണ്ടാണ് എൻ്റെ കുഞ്ഞിൻ്റെ ജീവൻ നഷ്ടമായത്. അവർ എന്റെ കുഞ്ഞിന്റെ ജീവൻ നിസ്സാരമായി കണ്ടു. എൻ്റെ കുഞ്ഞിൻ്റെ ജീവൻ ഡോക്ടറെ വിശ്വസിച്ചേൽപ്പിച്ചു. ദൈവമായി നിൽക്കേണ്ട ഡോക്ടർ പോലും കയ്യൊഴിഞ്ഞു. കൊടുത്ത ജീവൻ തിരിച്ചു തന്നില്ല.‘ഹാബിറ പറഞ്ഞു. താൻ കുറ്റബോധത്തിലാണ് ജീവിക്കുന്നതെന്നും തനിക്കൊരു ദിവസം പോലും സമാധാനത്തിൽ ഉറങ്ങാൻ പറ്റുന്നില്ലെന്നും കുഞ്ഞിന്റെ മരണം നേരിൽ കണ്ട അമ്മയാണ് താനെന്നും മാതാവ് പറഞ്ഞു.

സർക്കാർ ആശുപത്രിയിലുള്ള സേവനങ്ങളെയും നിയ ഫൈസലിന്റെ മാതാവ് കുറ്റപ്പെടുത്തി. ഒരു മനുഷ്യർ പോലും ഗവൺമെന്റ് ആശുപത്രിയിൽ പോകരുതെന്നും കുടുംബം വിറ്റാലും വേറെ ആശുപത്രിയിൽ പോകണം എന്നുമായിരുന്നു പ്രതികരണം. വലിയ കെട്ടിടം ഉണ്ടായിട്ട് കാര്യമില്ല നല്ലൊരു ഡോക്ടറോ ആവശ്യത്തിനു മരുന്നോ ഇല്ല. ഇതൊക്കെ ആരോട് പറയണമെന്നോ എവിടെ പോയി പറയണമെന്നോ അറിയില്ലെന്നും ഹാബിറ പറഞ്ഞു. തൻ്റെ കുഞ്ഞിന് ഇതുവരെ നീതി കിട്ടിയിട്ടില്ലെന്നും മാതാവ് റിപ്പോ‍ർട്ടറിനോട് പറഞ്ഞു.

മെയ് അഞ്ചിനാണ് നിയ ഫൈസൽ എന്ന ഏഴ് വയസ്സുകാരി പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നു. ഏപ്രിൽ എട്ടിനായിരുന്നു കുട്ടിയെ നായ കടിച്ചത്. ഞരമ്പിൽ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റിരുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തി ഐഡിആർവി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്‌സിൻ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

Content Highlights: Mother of Nia Faisal, who died of rabies in Kollam, reacts against the government

dot image
To advertise here,contact us
dot image