
കണ്ണൂര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. കറ കളഞ്ഞ ഒരു ആര്‍എസ്എസ് നേതാവിനെയാണ് രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്. സാധാരണ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള അതിപ്രശസ്തരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യാറുള്ളതെന്നും പി ജയരാജന്‍ ചൂണ്ടികാട്ടി.
കണ്ണൂര്‍ മട്ടന്നൂര്‍ പഴശ്ശിയിലെ സിപിഐഎം പെരിഞ്ചേഴി ബ്രാഞ്ച് സെക്രട്ടറി പി എം ജനാര്‍ദനനെ കൈകാല്‍ വെട്ടി കൊല്ലാന്‍ ശ്രമിച്ചെന്ന കേസും എസ്എഫ്‌ഐ നേതാവ് കെവി സുധീഷിന്റെ കൊലപാതകവും ചൂണ്ടികാട്ടി ദേശാഭിമാനി പത്രത്തില്‍ വന്ന ലേഖനം പങ്കുവെച്ചാണ് പി ജയരാജന്‍റെ വിമര്‍ശനം.
'കറ കളഞ്ഞ ഒരു ആര്‍ എസ് എസ് നേതാവിനെ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസം കേട്ടു. മലയാള മാധ്യമങ്ങള്‍ അത് ആഘോഷിക്കുന്ന കാഴ്ച നാം കണ്ടു. സിപിഐ(എം) അക്രമരാഷ്ട്രീയം എന്ന് പറഞ്ഞു പച്ചനുണ പ്രചരിപ്പിക്കുന്നതും കണ്ടു. സാധാരണ വിവിധ മേഖലകളില്‍ പ്രവീണ്യമുള്ള അതിപ്രശസ്തരെ ആണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യാറുള്ളത്. ഇദ്ദേഹത്തിന്റെ പ്രവീണ്യം ഏത് മേഖലയില്‍ ആണെന്ന് ഈ വാര്‍ത്ത വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. കഴിഞ്ഞ മാസമാണ് ആര്‍എസ്എസ് ബോംബറില്‍ കാല്‍ നഷ്ടപ്പെട്ട ഡോ:അഷ്നയുടെ വിവാഹം നടന്നത്.വലിയ വായില്‍ പ്രസംഗിക്കുന്ന ഒരൊറ്റ യുഡിഎഫ് നേതാക്കളോ മാധ്യമങ്ങളോ ആര്‍ എസ് എസ് എന്ന പേര് പോലും മിണ്ടിയത് നാം കണ്ടില്ല….', പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സദാനന്ദനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കിയത്. 2016ല്‍ കൂത്തുപറമ്പില്‍ നിന്നും നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിച്ച സദാനന്ദന്‍ 1994 ജനുവരി 25-ന് സിപിഐഎം പ്രവര്‍ത്തകരുടെ ആക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു.
Content Highlights: P Jayarajan Against c sadanandan master Rajyasabha Nomination