
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന് ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതി കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്കുള്ള മാർച്ചിലേക്കാണ് പിജെ കുര്യന് ക്ഷണക്കത്ത് നൽകിയത്. 'ഇന്നോവ കാറിൽ ഗ്ലാസിട്ട് പോകുമ്പോൾ സമരം കാണാൻ കഴിയില്ല, എ സി മുറിയിലിരുന്ന് വാർത്ത കാണുമ്പോൾ കണ്ണട തുടച്ചുവെച്ച് കാണണം" എന്ന് കത്തിൽ പറയുന്നു. കെഎസ് യു സംസ്ഥാന ഉപാധ്യക്ഷൻ അരുൺ രാജേന്ദ്രനാണ് പിജെ കുര്യന് തുറന്ന കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. 'സാറിന്' ഞങ്ങളുമായൊന്നും ഒരു ബന്ധവും ഇല്ലാത്തത് കൊണ്ട് ഒരുപക്ഷെ ഇപ്പോൾ ജയിലിൽ കിടക്കുന്ന കെഎസ്‍യു ജില്ലാ പ്രസിഡന്റ് അടക്കം ഉള്ളവരെ അറിഞ്ഞെന്ന് വരില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അരുൺ
രാജേന്ദ്രൻ കുറിച്ചു.
അതേസമയം യൂത്ത് കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിലുറച്ച് നിൽക്കുകയാണ് പിജെ കുര്യന്‍. സദുദ്ദേശപരമായ നിര്‍ദ്ദേശമാണ് മുന്നോട്ട് വെച്ചതെന്നും പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളില്‍ ഒരിടത്തും യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റികളില്ലെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അതുപറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ സിപിഐഎം ഗുണ്ടായിസം നേരിടണമെങ്കില്‍ ഓരോ പഞ്ചായത്തിലും ബൂത്തിലും നമുക്കും ചെറുപ്പക്കാര്‍ വേണം. സമരത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണം എന്നും പി ജെ കുര്യന്‍ വ്യക്തമാക്കി. അഭിപ്രായം പാര്‍ട്ടിക്ക് വേണ്ടി പറഞ്ഞതാണെന്നും അതിൽ ദോഷം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. കൂട്ടത്തില്‍ എസ്എഫ്‌ഐയെ പരാമര്‍ശിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അതിൽ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്ഐയെ പ്രശംസിച്ചും പി ജെ കുര്യന്‍ സംസാരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഒരു മണ്ഡലത്തില്‍ 25 പേരെയെങ്കിലും കൂടെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയണ്ടേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനോടുള്ള കുര്യന്റെ ചോദ്യം. ക്ഷുഭിത യൗവ്വനത്തെ എസ്എഫ്ഐ കൂടെ നിര്‍ത്തുന്നുവെന്ന് സര്‍വ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദിയില്‍ വെച്ച് തന്നെ ഇതിന് മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു നേതാക്കളും പ്രവര്‍ത്തകരും ഇദ്ദേഹത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.
Content Highlights: ksu posts on facebook against pj kurien