കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

തേഞ്ഞിപ്പലം എസ്എച്ച്ഒ ആണ് വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചത്

dot image

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് കാണിച്ച് തേഞ്ഞിപ്പലം എസ്എച്ച്ഒ വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷഭവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ സമരമോ, ധർണയോ നടത്താൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ കഴി‍ഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സംഘർഷങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സർവകലാശാലകളിൽ സമരങ്ങൾ പാടില്ല എന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. അത് അടിസ്ഥാനമാക്കിയാണ് നിലവിലെ തീരുമാനം.

കാലിക്കറ്റ് സർവകലാശാലയിലെ ഏതെങ്കിലും കെട്ടിടത്തിലോ അഡ്മിനിട്രേഷൻ ഓഫീസ്, പരീക്ഷാ ഭവൻ തുടങ്ങിയ കെട്ടിടങ്ങളുടെ 200 മീറ്റർ ചുറ്റളളവളിൽ യാതൊരു തരത്തിലും പ്രകടനങ്ങളും ധർണകളും നടത്താൻ പാടില്ല എന്ന് കത്തിൽ പറയുന്നു. ഇതിനെ സംബന്ധിച്ച് കാലിക്കറ്റ് സർവകലാശാല അധികൃതർ പ്രതികരിച്ചിട്ടില്ല.

Content Highlights: Ban on Protests in Calicut University Campus

dot image
To advertise here,contact us
dot image