'വല്ലതും കിട്ടണമെങ്കില്‍ മോദിയെ സ്തുതിക്കണം, വിശ്വ പൗരന്റെ രാഷ്ട്രീയ നിലവാരം കൊള്ളാം'; പരിഹസിച്ച് പി ജെ കുര്യൻ

അടിയന്തിരാവസ്ഥയുടെ നീണ്ട 21 മാസക്കാലം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നുമായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം

dot image

കൊച്ചി: അടിയന്തിരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച ശശി തരൂര്‍ എംപിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. അടിയന്തിരാവസ്ഥയ്‌ക്കെതിരെയും ഇന്ദിരാഗാന്ധിക്കെതിരെയും ഇത്രയും രൂക്ഷമായ അഭിപ്രായമാണ് ശശി തരൂരിനെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് പി ജെ കുര്യന്‍ പറഞ്ഞു. ഇത്രയും കാലം ഈ അഭിപ്രായം ശശി തരൂര്‍ കമ്മിറ്റികളില്‍ പോലും പറയാതിരുന്നത് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയായതിനാലാണെന്നും പി ജെ കുര്യന്‍ അഭിപ്രായപ്പെട്ടു.

'കോണ്‍ഗ്രസ് അന്ന് ഭരിക്കുന്ന പാര്‍ട്ടിയായിരുന്നു. കോണ്‍ഗ്രസിനോട് ചേര്‍ന്ന് നിന്നാല്‍ അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ ലഭിക്കും. ഇന്ന് സ്ഥിതി മറിച്ചാണ്. കോണ്‍ഗ്രസ് പ്രതിപക്ഷത്തും നരേന്ദ്ര മോദി അധികാരത്തിലുമാണ്. ഇപ്പോള്‍ വല്ലതും കിട്ടണമെങ്കില്‍ മോദിയെ സ്തുതിക്കണം', പി ജെ കുര്യന്‍ പറഞ്ഞു.

പി ജെ കുര്യന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം-

അടിയന്തിരാവസ്ഥ സംബന്ധിച്ച് ഏത് അഭിപ്രായം വച്ചു പുലര്‍ത്തുവാനും അത് പ്രകടിപ്പിക്കുവാനും ഒരു വ്യക്തി എന്ന നിലയില്‍ ശ്രീ. ശശി തരൂരിന് എല്ലാ അവകാശങ്ങളുമുണ്ട്. ഇപ്പോള്‍ അദ്ദേഹം ശ്രീമതി ഇന്ദിരഗാന്ധിയെയും അടിയന്തിരാവസ്ഥയെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. ഇത്രയും രൂക്ഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ്സില്‍ എന്തിന് ചേര്‍ന്നു?
കോണ്‍ഗ്രസ്സിന്റെ എംപി യായും മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
അന്ന് എന്തുകൊണ്ട് ഈ അഭിപ്രായം കമ്മറ്റികളില്‍ പോലും പറഞ്ഞില്ല. കാരണം വ്യക്തം. കോണ്‍ഗ്രസ് അന്ന് ഭരിക്കുന്ന പാര്‍ട്ടിയായിരുന്നു. കോണ്‍ഗ്രസിനോട് ചേര്‍ന്ന് നിന്നാല്‍ അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ ലഭിക്കും. ഇന്ന് സ്ഥിതി മറിച്ചാണ്. കോണ്‍ഗ്രസ് പ്രതിപക്ഷത്തും ശ്രീ നരേന്ദ്ര മോദി അധികാരത്തിലുമാണ്. ഇപ്പോള്‍ വല്ലതും കിട്ടണമെങ്കില്‍ മോദിയെ സ്തുതിക്കണം. ശ്രീമതി ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസ്സിനെ

യും അധിക്ഷേപിക്കണം. വിശ്വ പൗരന്റെ രാഷ്ട്രീയ നിലവാരവും ആദര്‍ശവും കൊള്ളാം. നല്ല മാതൃക തന്നെ.

അടിയന്തിരാവസ്ഥയുടെ നീണ്ട 21 മാസക്കാലം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നുമായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും, നമ്മള്‍ ഇന്ന് കൂടുതല്‍ ശക്തമായ ജനാധിപത്യമുള്ള, അഭിവൃദ്ധിയുണ്ടായ രാജ്യമായി മാറിയെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. 'പ്രൊജക്റ്റ് സിന്‍ഡിക്കേറ്റ്' എന്ന പ്രസിദ്ധീകരണത്തിലെഴുതിയ കുറിപ്പിലായിരുന്നു തരൂരിന്റെ വിമര്‍ശനം. ഇന്ദിരാഗാന്ധിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു അടിയന്തിരാവസ്ഥയെ വിമര്‍ശിച്ചത്.

കര്‍ശനവും ക്രൂരവുമായ ഇത്തരം രീതി അത്യാവശ്യമാണെന്ന് ഇന്ദിര കരുതി. ചടുലവും ജനാധിപത്യപരവുമായിരുന്ന ഇന്ത്യയുടെ പൊതുസമൂഹം പൊടുന്നനെ നിശബ്ദമായി. നിയമസംവിധാനം സമ്മര്‍ദ്ദത്തിന് കീഴ്പ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ തടവിലാക്കപ്പെടുകയും ചെയ്തുവെന്നും തരൂര്‍ വിമര്‍ശിച്ചിരുന്നു.

Content Highlights: p j kurian Against Shashi Tharoor over emergency criticism

dot image
To advertise here,contact us
dot image